‘ഞാൻ താരാധിപത്യത്തിന്‍റെ ആദ്യ ഇര’: മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ശ്രീകുമാരൻ തമ്പി
text_fieldsതിരുവനന്തപുരം: മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ തുറന്നടിച്ച് ഗാനരചയിതാവും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയിൽ താരാധിപത്യം സൃഷ്ടിച്ചതെന്നും അതിന്‍റെ ആദ്യ ഇര താനാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാൾ ഷീറ്റ് നൽകാതെ നിർമാതാവും സംവിധായകനുമായിരുന്ന തന്നെ ഒതുക്കി. അതുവരെ നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയാണ് ‘മുന്നേറ്റ’ത്തിൽ മമ്മൂട്ടിയെ താൻ നായകനാക്കിയത്. അത്രത്തോളം വിനീതനായ മമ്മൂട്ടിയെ താൻ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയിൽനിന്ന് പാട്ടെഴുതുന്നതിൽനിന്ന് പോലും മമ്മൂട്ടി തന്നെ തടഞ്ഞു. മോഹൻലാലിന് അവാർഡ് കൊടുത്തത് താനല്ല. അത് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനാണ്. ജൂറിയാണ് അവാർഡ് നിശ്ചയിച്ചതെന്നും ശ്രീകുമാരൻ തമ്പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. താരാധിപത്യം മൂലം മോഹൻലാൽ, മമ്മൂട്ടി എന്ന് രണ്ടു പേരിലേക്ക് മലയാള സിനിമ ചുരുങ്ങി. സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികൾ മലയാള സിനിമയിലുണ്ടായത് ഇരുവരും സജീവമായ തൊണ്ണൂറുകൾക്ക് ശേഷമാണ്.
മുമ്പ് സംവിധായകനും നിർമാതാവും ചേർന്നാണ് നടീനടന്മാരെ നിശ്ചയിരുന്നതെങ്കിൽ താരാധിപത്യത്തെ തുടർന്ന് തങ്ങളെ ആര് സംവിധാനം ചെയ്യണമെന്ന് നായകന്മാർ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായി.
അതുവരെ തുടർച്ചയായി സിനിമയെടുത്തിരുന്ന സംവിധായകരും നിർമാതാക്കളുമെല്ലാം സിനിമയില്ലാതെ പുറത്തായി. ഈ കാലത്തെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നു. സൂപ്പർസ്റ്റാറുകൾ വന്ന ശേഷം നായകനെ തോൽപ്പിക്കുന്ന നായിക മലയാള സിനിമയിലുണ്ടായിട്ടില്ല. ഇന്നു പക്ഷേ, പവർ ഗ്രൂപ്പ് തകർന്നിരിക്കുന്നു.
ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമായിരുന്നു. മുകേഷ് രാഷ്ട്രീയ നേതാവായതിനാൽ പാർട്ടിക്ക് അവരുടേതായ തീരുമാനമുണ്ട്. വ്യക്തി എന്നനിലയിൽ രാജിവെക്കണമെന്നുതന്നെയാണ് തന്‍റെ നിലപാട്. അമ്മയുടെ തലപ്പത്തിരുന്ന ചിലർ അനീതി ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ ഒരു വർഷത്തേക്ക് വിലക്കിയത് ഇതിനുദാഹരണമാണ്. ഡബ്ല്യു.സി.സിയെയും അതിന്റെ ഭാരവാഹിത്വത്തിൽ ഉള്ളവരെയും അഭിനന്ദിക്കുന്നു.
തെന്നിന്ത്യൻ സിനിമാമേഖലയെടുത്താൽ ഏറ്റവും കുറവ് പീഡനം നടക്കുന്നത് കേരളത്തിലാണ്. മലയാള സിനിമ മൊത്തം മോശമാക്കുന്നവർ ഇതു തിരിച്ചറിയാണം. ആരോപണങ്ങളെ തുടർന്ന് അമ്മയുടെ സാരഥികൾ രാജിവെച്ചത് ഭീരുത്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.