ശ്രീകുമാരൻ തമ്പി: മാറ്റി നിർത്താനാകാത്ത പ്രതിഭ
text_fieldsതിരുവനന്തപുരം: സര്‍ഗാത്മകതയുടെ ബഹുമുഖ മേഖലകളില്‍ കൈയൊപ്പ് പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളും തീരാനഷ്ടങ്ങളും നോവിന്റെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ‘ജീവിതം ഒരു പെന്‍ഡുലം’. മലയാള സിനിമാഗാന മേഖലയുടെ ചരിത്രവും വര്‍ത്തമാനവും അതിൽ വായിച്ചെടുക്കാം. ആത്മകഥാപരമായ കൃതി എന്നതിനപ്പുറം സാമൂഹികവും ചിന്താപരമായ സൃഷ്ടി എന്ന നിലയിലുള്ള അസാധാരണത്വവും പുസ്തകം അടയാളപ്പെടുത്തുന്നു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് 1940ല്‍ ജനിച്ച ശ്രീകുമാരന്‍ തമ്പി പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. പി. സുബ്രഹ്മണ്യത്തിന്റെ ‘കാട്ടുമല്ലിക’യിലൂടെയാണ് സിനിമ ഗാനരചനക്കു തുടക്കം. മൂവായിരത്തിലധികം ഗാനങ്ങള്‍ രചിച്ചു. അവയില്‍ മിക്കവയും മലയാളികളും മലയാളഭാഷയും നിലനിൽക്കുവോളം ഓർമിക്കപ്പെടുന്നവയാണ്. ശ്രീകുമാരന്‍ തമ്പി- ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരൻ തമ്പി- എം.കെ. അര്ജുനന്, ശ്രീകുമാരൻ തമ്പി- ദേവരാജൻ കൂട്ടുകെട്ടുകള്‍ മലയാള സിനിമ ഗാനങ്ങളെ നിത്യഹരിതത്വത്തിന്റെ വിതാനത്തിലേക്കുയര്‍ത്തി. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം രചനകള്‍ വേറെയും.
മലയാളികളുടെ നാവിൻതുമ്പിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ആസ്വാദനത്തിന്റെയും ചിന്തയുടെയും ഭാവനയുടെയും അവിസ്മരണീയ ഈണങ്ങൾ അദ്ദേഹം കോർത്തിട്ടു. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി എണ്‍പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതി. 22 സിനിമകളും ആറ് ടെലിവിഷന്‍ പരമ്പരകളും നിർമിച്ചു.
നീലത്താമര, അച്ഛന്റെ ചുംബനം, അമ്മക്കൊരു താരാട്ട് തുടങ്ങി 10 കാവ്യസമാഹരങ്ങളും നാലു നോവലും 1001 ഗാനങ്ങളുടെ സമാഹാരമായ ‘ഹൃദയസരസ്സ്, ഒരു നാടകം എന്നിവയും ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്. മലയാള ചലച്ചിത്രഗാന ചരിത്രം സംബന്ധിച്ച ‘സംഗീത യാത്രകൾ’ എന്ന ഓർമക്കുറിപ്പ് ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുകയാണ്.
മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം, പ്രേംനസീര്‍ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം (2016), ആശാന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, മയില്‍പ്പീലി പുരസ്കാരം, കേരള സംഗീതനാടക അക്കാദമി പുരസ്കാരം, ജെ.സി. ഡാനിയല്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം സംവിധാനം ചെയ്ത ഗാനം, മോഹിനിയാട്ടം എന്നീ സിനിമകൾക്ക് കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
മലയാള ചലച്ചിത്ര പരിഷത്ത്, മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. ദേശീയ ഫീച്ചർ ഫിലിം ജൂറിയിൽ മൂന്നു തവണ അംഗമായിരുന്നു. സംസ്ഥാന ഫീച്ചര്‍ ഫിലിം ജൂറി ചെയർമാനായിരുന്നു. രാജേശ്വരിയാണ് ഭാര്യ. മക്കൾ: കവിത, പരേതനായ രാജകുമാരന് തമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.