ചിതക്കുമുന്നിൽ വിതുമ്പലോടെ ശ്രീകുമാരൻ തമ്പി
text_fieldsകൊച്ചി: സഹോദരതുല്യനായ പി. ജയചന്ദ്രന്റെ ഭൗതികശരീരം പറവൂർ ചേന്ദമംഗലം പാലിയം കോവിലകത്തെ പിതൃസ്മൃതിയിൽ തയാറാക്കിയ ചിതയിലേക്ക് എടുക്കുമ്പോൾ തറവാട്ടുമുറ്റത്തെ നെല്ലിമരത്തണലിൽ നിശ്ശബ്ദനായിരുന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഇടക്കിടെ അദ്ദേഹവുമൊത്തുള്ള ഓർമകൾ അടുത്തിരുന്നവരോട് പറഞ്ഞു. ഗായിക ലതിക ഉൾപ്പെടെയുള്ളവർ ജയചന്ദ്രനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചു.
ചിതക്ക് മകൻ തീകൊളുത്തി അൽപനേരം കഴിഞ്ഞപ്പോൾ ശ്രീകുമാരൻ തമ്പി പിതൃസ്മൃതിയിലേക്ക് കടന്നുവന്നു. ജയചന്ദ്രന്റെ ചിതക്ക് അരികിലെത്തി വിതുമ്പലോടെ നിൽക്കുന്ന രംഗം ഏറെ വൈകാരികമായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അനുഗമിച്ചു. തിരിച്ചെത്തി വീണ്ടും മുറ്റത്തെ കസേരയിലിരുന്ന അദ്ദേഹം പിന്നീട് ഏറെനേരം അവിടെ ചെലവഴിച്ചില്ല. ശേഷം കുടുംബത്തോടും കണ്ടുനിന്നവരോടും യാത്ര പറഞ്ഞ് മടങ്ങി. വിയോഗവിവരം അറിഞ്ഞത് മുതൽ ശ്രീകുമാരൻ തമ്പി ജയചന്ദ്രനരികിലേക്ക് എത്തിയിരുന്നു. പതിറ്റാണ്ടുകളുടെ ബന്ധമാണ് ഇരുവരും തമ്മിൽ. ജയചന്ദ്രനുവേണ്ടി ഏറ്റവുമധികം പാട്ടുകളെഴുതിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയായിരുന്നു. തന്നേക്കാൾ പ്രായം കുറഞ്ഞ അനിയൻ മരിക്കുമ്പോൾ വലിയ വിഷമമാണുള്ളതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
അമ്പതുവർഷത്തെ പരിചയമാണ് ജയചന്ദ്രനുമായിട്ടുണ്ടായിരുന്നതെന്ന് ഗായിക ലതിക അനുസ്മരിച്ചു. 1976ൽ ആദ്യഗാനം ആലപിച്ചശേഷം അദ്ദേഹത്തോടൊപ്പം വിദേശരാജ്യങ്ങളിൽ പരിപാടികൾക്ക് പോയി. താനും സഹോദരനും ഉൾപ്പെടുന്ന ആ യാത്ര രണ്ട് മാസം നീളുന്നതായിരുന്നു. നിരവധി പാട്ടുകൾ അദ്ദേഹത്തോടൊപ്പം സിനിമയിലും വേദികളിലും പാടി. 1990ൽ തന്റെ വിവാഹസൽക്കാരം ചെന്നൈയിൽവെച്ചാണ് നടന്നത്. അന്ന് ഞങ്ങൾ എത്തുന്നതിനുമുമ്പ് അവിടെ അദ്ദേഹവും ഭാര്യയും എത്തിയിരുന്നു. സഹോദരതുല്യമായ ബന്ധമായിരുന്നുവെന്നും ലതിക അനുസ്മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.