'ചീത്തവിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല'; ചിത്രയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
text_fieldsകോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗായിക കെ.എസ്. ചിത്ര നടത്തിയ പരാമർശത്തിൽ ചിത്രക്ക് പിന്തുണയുമായി ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. ചിത്ര തന്‍റെ അഭിപ്രായം പറഞ്ഞതിന് അവരെ ചീത്തവിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറയുന്നതിനെ ഇത്രയേറെ എതിർക്കേണ്ട കാര്യമെന്താണെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
'എം.ടി വാസുദേവൻ നായർ ഈയിടെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ അത് പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, തിരുത്താൻ ചിലർ ശ്രമിച്ചു. എന്നാൽ, ആരും അദ്ദേഹത്തെ ചീത്തപറഞ്ഞില്ല. പക്ഷേ, ചിത്ര സ്വന്തം അഭിപ്രായം പറഞ്ഞപ്പോൾ അവരെ ചീത്തവിളിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ആർക്കും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട്' -ശ്രീകുമാരൻ തമ്പി പറഞ്ഞു.
'ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാൻ എന്‍റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമനാപം പാടി പഠിച്ചയാളാണ്. അത് എന്‍റെ സംസ്കാരത്തിൽ പെട്ടുപോയതാണ്. രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറയുന്നതിനെ ഇത്രയേറെ എതിർക്കേണ്ട കാര്യമെന്താണ്. ബി.ജെ.പിയുടെയോ ആർ.എസ്.എസിന്‍റെയോ വകയായിട്ട് ശ്രീരാമനെ കാണുന്നതാണ് കുഴപ്പം. ശ്രീരാമൻ ഭാരതത്തിലെ എല്ലാവരുടെയുമാണ്. ആദികവിയായ വാത്മീകി എഴുതിയ ഒരു മഹദ്ഗ്രന്ഥത്തിലെ നായകനാണ്. അതുപോലൊരു നായകനാണ് ശ്രീകൃഷ്ണൻ. അങ്ങനെയുള്ള നായകരെയാണ് നമ്മൾ ദൈവതുല്യരായിക്കണ്ട് പൂജിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പാട്ടുകാരിലൊരാളാണ് ചിത്ര. ചിത്ര അവരുടെ അഭിപ്രായം പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ യോജിക്കണമെന്നില്ല. പക്ഷേ, എന്തിനാണ് ചീത്തവിളിക്കുന്നത്. ഞാൻ രാഷ്ട്രീയത്തിൽ സത്യത്തിന്‍റെ കൂടെ നിൽക്കും. പിണറായി ഒരു നല്ല കാര്യം ചെയ്താൽ അത് നല്ലതാണെന്ന് പറയും. അതുപോലെ മോദി ഒരു നല്ലകാര്യം ചെയ്താൽ അത് നല്ലതാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. ഏതൊരു ഇന്ത്യൻ പൗരനും സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട് -ശ്രീകുമാരൻ തമ്പി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാദിനത്തിൽ എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമായിരുന്നു ചിത്രയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയും ചിത്രയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.