മകളുടെ മൃതദേഹവുമായി കരഞ്ഞ വൃദ്ധർക്ക് ശ്രീലക്ഷ്മി നെഞ്ച്പിടഞ്ഞ് നൽകിയത് 500 രൂപ
text_fieldsഗുരുവായൂര്: ജന്മിയാൽ അപമാനിക്കപ്പെട്ട് കൊല്ലപ്പെട്ട മകളുടെ മൃതദേഹവുമായി കരയുന്ന വൃദ്ധമാതാപിതാക്കളെ തെരുവിൽ കണ്ടപ്പോൾ ശ്രീലക്ഷ്മിയുടെ ഉള്ളുലഞ്ഞു.
ഒരുപക്ഷേ, തെൻറ നാട്ടിൽ നിരന്തരമായി അരങ്ങേറുന്ന കൊടിയ പീഡനങ്ങളുടെ ഓർമകൾ അന്തർസംസ്ഥാന തൊഴിലാളിയായ ശ്രീലക്ഷ്മിയിൽ തിരയടിച്ചതാവാം... തെൻറ കൈയിലുള്ള രണ്ട് 500െൻറ നോട്ടുകളെടുത്ത് ശ്രീലക്ഷ്മി ആ വൃദ്ധമാതാപിതാക്കളുടെ കൈയിൽ െവച്ചുകൊടുത്തു. താൻ കാണുന്നത് യാഥാർഥ്യമല്ല, തെരുവുനാടകമാണെന്നും മാതാപിതാക്കളും മരിച്ച പെൺകുട്ടിയുമൊക്കെ കഥാപാത്രങ്ങൾ മാത്രമാണെന്നും ആ പാവം തൊഴിലാളി വനിതക്കറിയില്ലായിരുന്നു.
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച കലാജാഥക്ക് കിഴക്കേനടയിൽ നൽകിയ സ്വീകരണത്തിലാണ് നാടകത്തെ വെല്ലുന്ന അതിനാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. കർഷകരുടെ വർത്തമാന ദുരിതങ്ങളും രാജ്യത്തിെൻറ അവസ്ഥയും പ്രമേയമാക്കിയ 'ഉള്ളി' എന്ന നാടകമാണ് തെരുവിൽ അവതരിപ്പിച്ചിരുന്നത്. സദസ്സിൽനിന്ന് കഥാപാത്രങ്ങൾ കയറിവരുന്നത് തെരുവുനാടകത്തിെൻറ ശൈലിയായതിനാൽ കണ്ടുനിന്നവർക്കും മനസ്സിലായില്ല, സംഭാവനയുമായെത്തിയ ശ്രീലക്ഷ്മി സ്ക്രിപ്റ്റിന് പുറത്തുള്ള കഥാപാത്രമാണെന്ന്. നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നവർക്കും ആ ഘട്ടത്തിൽ ഇടപെടാനായില്ല. നാടകം കഴിയുംവരെ ശ്രീലക്ഷ്മി എല്ലാം വീക്ഷിച്ച് അവിടെത്തന്നെ നിൽപുണ്ടായിരുന്നു.
പരിപാടികൾ കഴിഞ്ഞ ശേഷം ജാഥാ ക്യാപ്റ്റൻ അഡ്വ. വി.ഡി. പ്രേം പ്രസാദ് ശ്രീലക്ഷ്മിക്ക് പണം തിരിച്ചുനൽകാൻ ശ്രമിച്ചെങ്കിലും അവർ വാങ്ങാൻ കൂട്ടാക്കിയില്ല. ഈ സംസാരത്തിനിടെയാണ് ഇവരുടെ പേര് ശ്രീലക്ഷ്മിയെന്നാണെന്ന് മനസ്സിലായത്. നാടകമാണെന്ന് താൻ മനസ്സിലാക്കിയില്ലെന്നും എന്തായാലും ഈ പണം നിങ്ങളുടെ കലാപ്രവർത്തനങ്ങൾക്കിരിക്കട്ടെ എന്നും പറഞ്ഞ് അവർ നടന്നകലുകയും ചെയ്തു.
നാടകത്തിലേക്ക് അതിനാടകീയമായി കയറിവന്ന ശ്രീലക്ഷ്മിയെക്കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് ഗുരുവായൂരിലെ പു.ക.സ പ്രവർത്തകരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.