ശ്രീലക്ഷ്മി ഇനി സർക്കാർ ജോലിക്കാരി
text_fieldsതൃശൂർ: ഡിസംബറില്‍ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ താലൂക്ക് ഓഫിസില്‍ ക്ലറിക്കല്‍ തസ്തികയിലാണ് എം.കോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ജോലി. തിങ്കളാഴ്ച രാവിലെ താലൂക്ക് ഓഫിസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് റവന്യൂ മന്ത്രി കെ. രാജന് നിയമന ഉത്തരവ് കൈമാറി. രാജ്യത്തിന് വേണ്ടി പോരാടുന്ന ധീരജവാന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന വലിയ അംഗീകാരമാണ് അവരുടെ ആശ്രിതര്‍ക്കുള്ള നിയമനമെന്ന് മന്ത്രി പറഞ്ഞു. ജോലി നല്കാന് അപകടം നടന്ന് ഒരാഴ്ചക്കകം തന്നെ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഒന്നര മാസംകൊണ്ട് സൈനികക്ഷേമ വകുപ്പും നിയമന ഉത്തരവ് പുറത്തിറക്കി. ജില്ല കലക്ടര്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്കി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി വേഗത്തില്‍ കിട്ടിയതില്‍ നന്ദിയുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഓഫിസിലെത്തിയത്. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ സര്‍വിസ് ബുക്കില്‍ ഒപ്പിട്ട് നിയമന നടപടികള്‍ പൂർത്തിയാക്കി.
സാധാരണ യുദ്ധത്തിലോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമ വ്യവസ്ഥ. എന്നാല്‍ പ്രദീപിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്കി ഭാര്യക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മന്ത്രിക്കൊപ്പം ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, ആർ.ഡി.ഒ പി.എ. വിഭൂഷണന്‍, താലൂക്ക് തഹസില്‍ദാര്‍ ടി. ജയശ്രീ എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.