ശ്രീലത വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തവും 14 വർഷം കഠിനതടവും
text_fieldsചങ്ങനാശ്ശേരി: കുതിരപ്പടിയിൽ ശ്രീനിലയത്തിൽ ശ്രീലതയെ (50) തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തവും 14 വർഷം കഠിനതടവും. രണ്ടാം പ്രതിയെ വെറുതെ വിട്ടു.
ഒന്നാം പ്രതി ചെത്തിപ്പുഴ കുന്നന്താനം ഭാഗത്ത് തൈപ്പറമ്പിൽ മോനപ്പന്റെ വീട്ടിൽ താമസിച്ചിരുന്ന മാടപ്പള്ളി ചൂരക്കുറ്റി പാണാറ്റിൽ നിബിൻ ജോസഫിനെയാണ് (34) കോട്ടയം അഡീ. സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ.നാസർ ശിക്ഷിച്ചത്. രണ്ടാം പ്രതി റോജി ജോണിനെയാണ് വെറുതെവിട്ടത്.
2016 നവംബർ 11ന് രാത്രിയാണ് വിധവയായ ശ്രീലത കൊല്ലപ്പെട്ടത്. ഗുജറാത്തിൽ അധ്യാപികയായിരുന്ന ശ്രീലത അവധിക്ക് നാട്ടിൽ വന്ന് താമസിക്കവേയാണ് കൊല്ലപ്പെട്ടത്. കേസിൽ നിബിനും റോജിയും പ്രായപൂർത്തിയാകാത്തയാളും അടക്കം മൂന്ന് പ്രതികളാണുണ്ടായിരുന്നത്.
പ്രതി നിബിനും പ്രായപൂർത്തിയാകാത്തയാളും കവർച്ചക്കായാണ് രാത്രി ശ്രീലതയുടെ വീട്ടിൽ അതിക്രമിച്ചുകയറിയത്. നിബിൻ ഇരുമ്പുദണ്ഡുകൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപിച്ചതിനെത്തുടർന്നാണ് ശ്രീലത മരണപ്പെട്ടത്. രണ്ടാംപ്രതി റോജി ജോണിന്റെ സഹായത്തോടെ ഞാലിയാകുഴിയിലെ ജ്വല്ലറിയിൽ മാല വിൽക്കുകയും വിറ്റുകിട്ടിയ പണം കൊണ്ട് കടം വീട്ടുകയുമായിരുന്നുവെന്നാണ് കേസ്.
കൊലപാതകം നടന്ന് വൈകാതെ പ്രതിയെ പിടികൂടിയ പൊലീസ് കൊലക്ക് ഉപയോഗിച്ച ഇരുമ്പുപൈപ്പും സ്വർണമാലയും പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്തു. രണ്ടാംപ്രതി റെജിയെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തയാൾക്കെതിരായ കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയിരുന്നു.
കേസിൽ പ്രോസിക്യൂഷൻ 39 സാക്ഷികളെയും 60 രേഖകളും 25 തൊണ്ടിമുതലുകളുമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.ജിതേഷ്, അഡീ. പബ്ലിക് പ്രോസിക്യൂട്ടർ സിറിൾ തോമസ് എന്നിവർ ഹാജരായി.
ചങ്ങനാശ്ശേരി എസ്.ഐ സിബി തോമസ് രജിസ്റ്റർ ചെയ്ത കേസ് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി വി.അജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. ചങ്ങനാശ്ശേരി ഇൻസ്പെക്ടറായിരുന്ന ബിനു വർഗീസാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.