പടവിടിഞ്ഞ് വീണത് 16 കോൽ താഴ്ചയുള്ള കിണറ്റിലേക്ക്, 'സാധാരണക്കാരനായ സഖാവി'ന്റെ വേർപാടിൽ തേങ്ങി നാട്ടുകാർ
text_fieldsബാലുശ്ശേരി: ശ്രീനിവാസെൻറ അപകട മരണം മണ്ണാംപൊയിൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. അയൽവാസിയുടെ കിണർ പണിക്കിടെ ശ്രീനിവാസെൻറ അപകട മരണം ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല മണ്ണാംപൊയിൽ ഗ്രാമവാസികൾക്ക്. നിർമാണ പ്രവർത്തനങ്ങളിൽ മാത്രമല്ല, മരം വെട്ട്, തെങ്ങുകയറ്റം തുടങ്ങി ഏതിലും ഊർജസ്വലതയോടെ ശ്രീനിവാസൻ മുന്നിലുണ്ടാകും.
സി.പി.എം പ്രവർത്തകനായ ശ്രീനിവാസൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും സജീവമായി രംഗത്തുണ്ടായിരുന്നു. കിണർ പണിക്ക് എപ്പോഴും കൂടെയുണ്ടാകുന്ന സുഹൃത്ത് പുതുക്കുടി വിജയെൻറ വീട്ടിലെ കിണറിന് ആൾമറ കെട്ടാനുള്ള പണി കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് ശ്രീനിവാസൻ എത്തിയത്.
സുഹൃത്തുക്കളായ തൈക്കണ്ടി മീത്തൽ രവീന്ദ്രനും പുല്ലാട്ട് ചന്ദ്രനും സഹായികളായും ഉണ്ടായിരുന്നു. 11 മണി ചായയും കുടിച്ചതിനു ശേഷമാണ് അപകടം. കിണറ്റിലെ രണ്ടാം പടവിൽ ജോലിചെയ്യുന്നതിന് സ്ഥാപിച്ച കവുങ്ങ് പാളികളിൽ നിന്ന് മണ്ണ് നീക്കം ചെയ്യവേ പടവിടിഞ്ഞ് 16 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചക്കിടെ പടവിൽ തട്ടി തലക്ക് പരിക്കേറ്റു.
രണ്ടര മീറ്ററോളം വെള്ളമുള്ള കിണറ്റിൽ താണുപോയ ശ്രീനിവാസന് പൊങ്ങിവരാനും കഴിഞ്ഞില്ല. കവുങ്ങ് പാളികൾ മുഴുവൻ തലക്ക് മുകളിലായിരുന്നു. രവീന്ദ്രനും ചന്ദ്രനും വിജയനും പെട്ടെന്നുതന്നെ കിണറ്റിലിറങ്ങി പലകകൾ നീക്കി ശ്രീനിവാസനെ താങ്ങിപ്പിടിച്ചുനിന്നു. അപ്പോഴേക്കും നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സംഘവും എത്തി.
റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ശ്രീനിവാസനെ കരക്കെത്തിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫയർഫോഴ്സ് സംഘം പിന്നീട് മറ്റ് മൂന്നുപേരെയും കരക്കെത്തിച്ചു. കൊയിലാണ്ടി ഗവ.ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് ആറുമണിയോടെ മണ്ണാംപൊയിലിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ഗ്രാമവാസികൾ മുഴുവൻ എത്തിയിരുന്നു. തരിപ്പാക്കുനിയിലെ കടുക്കാപൊയിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.