ശ്രീറാം വെങ്കിട്ടരാമൻ പടിയിറങ്ങി
text_fieldsമൂന്നാർ: അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ പടിയിറങ്ങി.
ദേവികുളം സബ് കലക്ടറായി ഒരു വർഷം മുമ്പ് ചാർജെടുത്ത ശ്രീറാം മൂന്നാർ കൈയേറ്റങ്ങൾക്കെതിരെയും അനധികൃത നിർമാണങ്ങൾക്കെതിരെയും മുഖം കൂസാതെ നടപടി എടുത്തുതുടങ്ങിയതോടെയാണ് വാർത്തകളിൽ നിറഞ്ഞത്.
നിയമനടപടികളിൽ വീട്ടുവീഴ്ചക്ക് തയാറാകാതെയും രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിന് പ്രവർത്തിക്കാതെയും മുന്നോട്ടുപോയപ്പോൾ ശത്രുക്കൾക്കൊപ്പം ആരാധകരുമേറി. രാഷ്ട്രീയ--ഭരണരംഗത്താണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടായത്. കൈയടി നേടിയത് ജനത്തിെൻറയും.
ശ്രീറാമിനെ പടിയിറക്കാൻ ഭരണതലപ്പത്തുള്ളവർ തന്നെ മുന്നിട്ടിറങ്ങിയതോടെയാണ് സ്ഥാനചലനം. സ്വന്തം വകുപ്പിെൻറ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ, സബ് കലക്ടറെ ദേവികുളത്തുനിന്ന് പുകച്ചത്. തലകുനിക്കാതെ കരുത്താർന്ന നടപടികളിലൂടെ ശ്രദ്ധേയനായ ശ്രീറാം അഭിമാനത്തോടെയാണ് എംപ്ലോയ്മെൻ് ഡയറക്ടർ എന്ന തെൻറ പുതിയ ദൗത്യം ഏറ്റെടുക്കാൻ മൂന്നാർ വിടുന്നത്. ദേവികുളം റവന്യൂ ഡിവിഷനൽ ഓഫിസിലെ സഹപ്രവർത്തകരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും ശ്രീറാമിന് ഉൗഷ്മള യാത്രയയപ്പ് നൽകി. കലക്ടർ ജി.ആർ. ഗോകുലടക്കം യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.