തിരുവനന്തപുരത്ത് ശ്രീലങ്കന്‍ സ്വദേശി കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: തമ്പാനൂരില്‍ സംശയാസ്പദ സാഹചര്യത്തില്‍ ചുറ്റിത്തിരിഞ്ഞ ശ്രീലങ്കന്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് (35) എന്നയാളെയാണ് കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനലിന് സമീപത്തു നിന്ന് ഇന്നലെ വൈകുന്നേരത്തോടെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിംഹള ഭാഷയിൽ ഫോണിൽ സംസാരിക്കുന്നതു കേട്ട് യാത്രക്കാരാണ് പൊലീസിന് വിവരം നൽകിയത്.
ചോദ്യംചെയ്തപ്പോൾ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വഴി പുറത്തിറങ്ങിയതാണെന്നും വിമാനത്താവളത്തിലെ ജീവനക്കാരെൻറ പക്കൽ യാത്രാരേഖകളുണ്ടെന്നുമായിരുന്നു ഇയാൾ നൽകിയ വിശദീകരണം. തുടർന്ന് വിമാനത്താവളത്തിലെത്തി ജീവനക്കാരെ ചോദ്യംചെയ്തപ്പോൾ രേഖകളൊന്നും ഏൽപിച്ചിട്ടില്ലെന്ന് വ്യക്തമായി. മനോദൗർബല്യമുള്ളതു പോലെ പെരുമാറുന്നതിലും പൊലീസിന് സംശയമുണ്ട്.
നാഗർകോവിലിൽ നിന്ന് വർക്കലയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് കൈവശമുണ്ട്. ബോട്ട് മാർഗം തമിഴ്നാട്ടിൽ എത്തിയശേഷം വർക്കലയിലേക്ക് പോകവെ സ്റ്റേഷൻ മാറി തിരുവനന്തപുരത്ത് ഇറങ്ങിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ചോദ്യംചെയ്യലിൽ താൻ ശ്രീലങ്കൻ സ്വദേശിയാണെന്ന് ഇയാൾ വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച ഒരുരേഖയും ഇയാളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. രാത്രിയോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ചോദ്യംചെയ്തു.
ഇയാൾക്ക് സിംഹള ഭാഷ മാത്രമേ അറിയാവൂവെന്നതും പൊലീസിനെയും രഹസ്യാന്വേഷണ ഏജൻസികളെയും കുഴക്കുന്നുണ്ട്. ഫോർട്ട് എ.സി ഓഫിസിലേക്ക് മാറ്റി രാത്രി വൈകിയും ചോദ്യം ചെയ്തുവരികയാണ്. ഇന്ന് ദ്വിഭാഷിയുടെ സഹായത്തോടെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിക്കും മറ്റ് വിഭാഗങ്ങൾക്കും സംസ്ഥാന പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.