നെടുമ്പാശ്ശേരിയിൽ പിടിയിലായത് ശ്രീലങ്കൻ അധോലോക നേതാവ്
text_fieldsനെടുമ്പാശ്ശേരി: കഴിഞ്ഞദിവസം തമിഴ്നാട് ക്യു ബ്രാഞ്ച് നെടുമ്പാശ്ശേരിക്കടുത്ത്നിന്നും പിടികൂടിയ ശ്രീലങ്കൻ സ്വദേശി സുരേഷ് രാജ് അധോലോക സംഘത്തിലെ പ്രധാനി. കൊലപാതക കേസിൽ പ്രതിയായതിനെത്തുടർന്ന് സുരേഷ് രാജ് 15 വർഷം മുമ്പ് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടിൽ കഴിയുകയായിരുന്നു. എന്നാൽ ഇതേക്കുറിച്ച് ശ്രീലങ്കൻ െപാലീസിന് വിവരം ലഭിക്കുകയും ഇൻറർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടർന്ന് തമിഴ്നാട് പൊലീസ് പിടികൂടാൻ ശ്രമിക്കവേ കേരളത്തിലെത്തുകയായിരുന്നു. പിന്നീട് ഇയാളുടെ സഹോദരൻ രമേഷും ഇന്ത്യയിലെത്തി.
ക്യു ബ്രാഞ്ച് മാസങ്ങളായി സുരേഷ് രാജിനെ കേരളത്തിൽ നിരീക്ഷിച്ചിരുന്നു. ഇയാൾ കിടങ്ങൂരിൽ കുടുംബസഹിതം തങ്ങുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധസേനയുടെ സഹായത്തോടെ വാസസ്ഥലം വളഞ്ഞു. സഹോദരൻ രമേഷ് അത്താണിയിൽ തങ്ങുന്നതായി സുരേഷിനെ ചോദ്യം ചെയ്തതിൽനിന്ന് മനസ്സിലായി. തുടർന്നാണ് രമേഷിെനയും കൂടെയുണ്ടായിരുന്ന ശരവണെനയും കസ്‌റ്റഡിയിലെടുത്തത്.
രമേഷ് മറ്റ് കേസുകളിൽ പ്രതിയല്ലെങ്കിലും അനധികൃതമായി തങ്ങിയതിെൻറ പേരിലാണ് ഇയാളെ നെടുമ്പാശ്ശേരി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പിന്നീട് അങ്കമാലി കോടതി റിമാൻഡ് ചെയ്തു. എന്നാൽ, ശരവണനെ വിട്ടയച്ചു.
അതേസമയം, പിടിയിലായ സുരേഷ് രാജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏതെങ്കിലും ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുേന്നായെന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇയാൾ കസ്‌റ്റഡിയിലായതിന് പിന്നാലെ കുടുംബാംഗങ്ങൾ ഇവിടെനിന്ന് മുങ്ങി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനമെത്തിയാണ് കുടുംബാംഗങ്ങളെ കൊണ്ടുപോയതെന്ന് വ്യക്തമായി.
വിമാനത്താവളത്തിലെ കയറ്റുമതി വ്യാപാരിയെന്നാണ് ഇയാൾ പരിസരവാസികളോട് പറഞ്ഞിരുന്നത്. കേരളത്തിൽ തങ്ങുന്നതിന് സാമ്പത്തികസഹായം ഏതുവിധത്തിലാണ് ഇയാൾക്ക് ലഭിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്.
വിമാനത്താവള ടെർമിനലിനകത്ത് പ്രവേശിക്കുന്ന എല്ലാ ഏജൻസികളിലെയും ജീവനക്കാരെ സംബന്ധിച്ച് നിലവിൽ പൊലീസ് വെരിഫിക്കേഷൻ നടത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.