ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം; സുരക്ഷാവീഴ്ച വീണ്ടും ചർച്ചയാകുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും സുരക്ഷാ സംവിധാങ്ങളുള്ള ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച വന്നതോടെ പൊലീസിനെതിരെ വിമർശം.
13ന് ദർശനത്തിനെത്തിയ മൂന്നുപേർ പുരാതനമായ നിവേദ്യ ഉരുളിയുമായി സംസ്ഥാനം വിട്ടത് വീണ്ടും ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചക്ക് വഴിവെച്ചു. സുരക്ഷ കടുപ്പിക്കുമെന്ന് പൊലീസ് വിശദീകരിക്കുന്നു. സംഭവത്തിന് ഒരാഴ്ച ശേഷം ഹരിയാനയിൽ നിന്ന് തൊണ്ടിസഹിതം മൂന്ന് പേരുമായി തലസ്ഥാനത്തെത്തിയ ഫോർട്ട് പൊലീസ് സംഘം മോഷണമല്ലെന്ന് കണ്ടെത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നുമാണ് പൊലീസ് പറയുന്നത്. ഓസ്ട്രേലിയയിലെ മൈക്രോബയോളജിസ്റ്റും ബിഹാർ സ്വദേശിയുമായ ഗണേഷ് ഝാ (52)ക്കെതിരെയാണ് നിസാര വകുപ്പ് ചുമത്തിയത്.
ഭാരതീയ ന്യായ സംഹിതയിലെ 314ാം വകുപ്പ് പ്രകാരം മോശം വിചാരത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. കൂടെയുണ്ടായിരുന്ന ഭാര്യക്കും സഹോദരിക്കുമെതിരെ കേസൊന്നുമില്ല. അന്വേഷണം കഴിയുന്നതുവരെ മൂന്നു പേരും തലസ്ഥാനത്ത് തുടരണമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. ഗണേഷിന്റെ പാസ്പോർട്ട് മരവിപ്പിച്ചിട്ടുണ്ട്.
പൊലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷാവലയത്തിലുള്ള ക്ഷേത്രത്തിൽ മെറ്റൽ ഡിറ്റക്ടറ്റർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുടെ മുന്നിലൂടെയാണ് തളിപ്പാത്രം പുറത്തെത്തിച്ചത്. എസ്.പി, ഡി.വൈ.എസ്.പി, നാല് സി.ഐമാർ അടക്കം വൻ പൊലീസ് സന്നാഹമാണ് ക്ഷേത്രത്തിന്റെ സുരക്ഷക്കായി സംസ്ഥാന സർക്കാർ വ്യന്യസിച്ചത്.
ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിരന്തരം അലംഭാവം ഉണ്ടാകുന്നതായി പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. 2017ൽ ക്ഷേത്രത്തിൽ പൂജക്കുപയോഗിക്കുന്ന ശംഖുകളിൽ ഒന്ന് മോഷണം പോയിരുന്നു. ദർശനത്തിന് വരിനിന്ന രണ്ട് സ്ത്രീകളുടെ രണ്ടരയും മൂന്നരയും പവൻ വരുന്ന മാലകൾ മോഷണം പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.