ശ്രീരാമകൃഷ്ണനും ജലീലും അൻവറും തുടർന്നേക്കും, യു. ഷറഫലി എൽ.ഡി.എഫ് പരിഗണനയിൽ
text_fieldsമലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാകുന്നതിെൻറ ഭാഗമായി ജില്ലയിൽ ഇടതുപക്ഷത്ത് സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നു. നിലവിൽ നാല് സീറ്റുള്ള എൽ.ഡി.എഫ് ഇത്തവണ ഏഴ് സീറ്റാണ് ലക്ഷ്യമിടുന്നത്. പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനും തവനൂരിൽ കെ.ടി. ജലീലും നിലമ്പൂരിൽ പി.വി. അൻവറും തന്നെ മത്സരിക്കാനാണ് സാധ്യത.
ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും ആർ.ആർ.ആർ.എഫ് കമാണ്ടൻറുമായിരുന്ന അരീക്കോട് തെരട്ടമ്മൽ സ്വദേശി യു. ഷറഫലിയെ സി.പി.എം നേതൃത്വം സമീപിച്ചതായാണ് വിവരം. അദ്ദേഹത്തെ ഏറനാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ആലോചന. അടുത്തിടെ സർവിസിൽനിന്ന് വിരമിച്ച അദ്ദേഹം ഐ.പി.എസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതിയിലാണ്. ഏതാനും ദിവസങ്ങൾക്കകം തീരുമാനമുണ്ടാകും. വിധി എതിരായാൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ഷറഫലിയുണ്ടായേക്കും.
ഫുട്ബാളിെൻറ ഈറ്റില്ലമായ അരീക്കോട്, ഊർങ്ങാട്ടിരി, എടവണ്ണ, കീഴുപറമ്പ്, കാവനൂർ, ചാലിയാർ, കുഴിമണ്ണ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന ഏറനാട്ടിൽ യു. ഷറഫലി നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിന് പിന്നിലുണ്ട്. സി.പി.ഐയുടെ കൈവശമുള്ള ഏറനാട് മണ്ഡലത്തിൽ കെ.ടി. അബ്ദുറഹ്മാനായിരുന്നു 2016ലെ സ്ഥാനാർഥി.
ഇദ്ദേഹത്തിെൻറ പേരും പരിഗണനയിലുണ്ട്. തിരൂരങ്ങാടിയിൽ 2016ൽ പി.കെ. അബ്ദുറബ്ബിെൻറ ഭൂരിപക്ഷം ഗണ്യമായി കുറച്ച നിയാസ് പുളിക്കലകത്ത് തന്നെ സ്ഥാനാർഥിയായേക്കും. സിഡ്കോ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ ഇത്തവണ സ്വന്തം നാടായ തിരൂരിലേക്ക് മാറുമെന്ന് സൂചനയുണ്ട്. 10 വർഷം തിരൂർ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായിരുന്നു ഇദ്ദേഹം. അബ്ദുറഹ്മാൻ മാറുകയാണെങ്കിൽ 2016ൽ തിരൂരിലെ സ്ഥാനാർഥിയായിരുന്ന ഗഫൂർ പി. ലില്ലീസോ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയനോ താനൂരിൽ സ്ഥാനാർഥിയാവും.
പെരിന്തൽമണ്ണയിൽ മുൻ എം.എൽ.എ വി. ശശികുമാറിനെ ഒരു തവണ കൂടി സി.പി.എം നേതൃത്വം ദൗത്യം ഏൽപിച്ചേക്കും. കഴിഞ്ഞതവണ 500ൽപരം വോട്ടുകൾക്ക് മാത്രമാണ് മഞ്ഞളാംകുഴി അലി ശശികുമാറിനെ തോൽപിച്ചത്. മങ്കടയിൽ കഴിഞ്ഞതവണ അഹമ്മദ് കബീറിനോട് 1250 വോട്ടുകൾക്ക് മാത്രം തോറ്റ അഡ്വ. ടി.കെ. റഷീദലി തന്നെ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.