മരവും മലയും മാത്രമല്ല, നമ്മളും പരിസ്ഥിതിയുടെ ഭാഗമാണ്: ശ്രീ ശ്രീ രവിശങ്കര്‍
text_fieldsന്യൂഡല്‍ഹി: മാലിന്യ മുക്തമായ പരിസ്ഥിതി സൃഷ്ടിക്കാന്‍ നിഷേധാത്മകത ഇല്ലാത്ത മാനസികാവസ്ഥ പ്രധാനമാണെന്ന് ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍. ലോക പരിസ്ഥിതി ദിനത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെടികളും മരങ്ങളും പര്‍വ്വതങ്ങളും മാത്രമല്ല നമ്മളും പരിസ്ഥിതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ചിന്തകളും വികാരങ്ങളും പരിസ്ഥിതിയെയും ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. പരസ്പരം കരുതല്‍ ഉണ്ടാക്കുന്നതും എല്ലാവരും സന്തോഷിക്കുന്നുവെന്ന് ഉറപ്പിക്കുന്നതും പരിസ്ഥതിയോടുള്ള കരുതലിന്റെ ഒഴിച്ചുകൂടാത്ത ഘടകമാണ്. പിരിമുറുക്കാമോ അസന്തുഷ്ടിയോ ഉണ്ടാകുമ്പോള്‍ പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്.
കോപമുള്ളതോ നിഷേധ ചിന്തകളോ ഉള്ള ആളുകളുടെയടുത്ത് കുറച്ച് നേരം ചെലവഴിച്ചാല്‍ അതേ ചിന്തകള്‍ നമ്മളിലും ഉണ്ടാകും. സന്തോഷമുള്ളവരുടെ അടുത്താകുമ്പോള്‍ ആനന്ദമായിരിക്കും നമുക്ക് ലഭിക്കുക. ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായും നമ്മള്‍ പരിസ്ഥിതി മലിനപ്പെടുത്തുന്നു. കോപം, അത്യാര്‍ത്തി, അസൂയ തുടങ്ങിയ നിഷേധവികാരങ്ങളാണ് ഇന്ന് അന്തരീക്ഷ മലിനീകരണത്തിന്റെ കാരണക്കാര്‍. ലളിതങ്ങളായ വഴികളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാം കുറെക്കൂടി നന്നായി പിരിമുറുക്കത്തെയും നിരാശയെയും കൈകാര്യം ചെയ്യുക. കോപം വരരുത് എന്നല്ല പറയുന്നത്. കോപം വരുമ്പോഴെല്ലാം അധികനേരം നില്‍ക്കരുത്. അങ്ങിനെയാണെങ്കില്‍ അത് മലിനീകരണമല്ല. എന്നാല്‍ കോപം മനസ്സില്‍ കുറെ നേരം നിലനിന്നാല്‍ അത് മലിനീകരണമാണ്.
വൈകാരികമായ ചവറുകള്‍ പുറത്തേക്ക് കളയുക. നിങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് നടക്കുന്ന അവിശ്വാസം, വെറുപ്പ്, പരാതികള്‍ തുടങ്ങിയ വികാരങ്ങളെ നൈപുണ്യത്തോടെ കൈകാര്യം ചെയ്ത് ഉത്സാഹത്തോടെയും സ്വാഭാവികതയോടെയും പുതിയൊരദ്ധ്യായം തുടങ്ങുക. ധ്യാനത്തെ ജീവിതത്തിന്റെ ഭാഗമാക്കുക. സ്പന്ദനങ്ങളെ ശുദ്ധീകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ധ്യാനം. ധ്യാനം നിഷേധ സ്പന്ദനങ്ങളെ ശുഭകരങ്ങളാക്കുന്നു. അത് വെറുപ്പിനെ സ്‌നേഹമായും നിരാശയെ ആത്മവിശ്വാസമായും അജ്ഞതയെ അന്തര്‍ജ്ഞാനമായും മാറ്റുന്നു. കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി ഏറ്റവും നല്ലത് മാത്രമേ സംഭവിക്കൂ എന്ന് വിശ്വസിക്കുക. എന്തെങ്കിലും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക. നൃത്തം, സംഗീതം മുതലായ കലകളില്‍ മുഴുകുക. വെറുതെയിരുന്ന് കണ്ടാല്‍ പോരാ പങ്കെടുക്കണം. സേവനം ചെയ്യുക. സഹായം ആവശ്യമുള്ളവരെ സഹായിക്കുക. എനിക്കെന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നത് നിര്‍ത്തി എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും എന്ന് ആലോചിക്കുകയെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ദ്ധന്‍, മഹേഷ് ശര്‍മ്മ, യുഎന്‍ഇപി ചീഫ് എറിക് സോഹെയിം എന്നിവര്‍ക്ക് പുറമെ എണ്‍പത് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.