ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യക്കുറ്റം ഒഴിവാക്കിയതിന് സ്റ്റേ
text_fieldsകൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണകോടതി നടപടി ഹൈകോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിൽ നരഹത്യക്കുറ്റം നിലനിൽക്കുമോയെന്നതിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജി പരിഗണിച്ചാണ് നേരത്തെ വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങൾക്കെതിരെ 304ാം വകുപ്പ് നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, 304 (എ) പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കും. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റത്തിൽനിന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.
ശ്രീറാമിന്‍റെയും വഫയുടെയും വിടുതല്‍ ഹരജികള്‍ ഭാഗികമായി അനുവദിച്ചായിരുന്നു വിചാരണ കോടതി ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട മനഃപൂർവമല്ലാത്ത മരണം സംഭവിപ്പിക്കലിന് 304 (എ) വകുപ്പ് പ്രതികള്‍ക്കുമേല്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി പ്രതികള്‍ തിരുവനന്തപുരം ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവംബര്‍ 20ന് ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു.
മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മി.ലിറ്റർ രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനലിസിസ് റിപ്പോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചായിരുന്നു അന്നത്തെ കോടതി ഉത്തരവ്.
എന്നാല്‍, അപകടത്തിന് തൊട്ടുപിന്നാലെ, രക്തസാമ്പിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് അന്ന് കോടതി പ്രതികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.