ആറളം ഫാമിലെ ആദിവാസി ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് ശ്രീരാമൻ കൊയ്യോൻ
text_fieldsഇരിട്ടി: ആദിവാസി വിഭാഗങ്ങളുടെ ടി.എസ്.പി ഫണ്ടിലെ 42 കോടി രൂപ നൽകി കേന്ദ്ര ഗവൺമെന്റിൽ നിന്നും വിലക്ക് വാങ്ങിയ ആറളം ഫാമിലെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ. ആദിവാസി ഗോത്ര ജന സഭയുടെ നേതൃത്വത്തിൽ ആറളം ഫാം ആദിവാസി ഭൂമി കുത്തക പാട്ടത്തിന് നൽകിയത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാമിലെ കണ്ണായ ആയിരത്തിലേറെ ഏക്കർ ഭൂമിയാണ് സ്വകാര്യ കമ്പനികൾക്കും, വ്യക്തികൾക്കും വ്യാപകമായി കൈമാറിയത്. ഈ നടപടി ആദിവാസി വിരുദ്ധമാണ്. ഭൂമി തിരിച്ചു പിടിക്കുന്നതിന് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ജില്ലയിൽ മാത്രം ഏഴായിരത്തിൽപരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾ ഭൂമിക്ക് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ്, ആദിവാസി പുനരധിവാസം എന്ന സാമൂഹ്യ ആവശ്യം ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാർ ഏറ്റവും കുറഞ്ഞ വില 42. 9 കോടി രൂപ നിശ്ചയിച്ച് ഫാം പട്ടിക വർഗ വികസന വകുപ്പിന് കൈമാറുന്നത്. ഫാം ആദിവാസികൾക്ക് നൽകുന്നതിനെ എതിർത്ത ഇടതുപക്ഷ എം.പിമാർ ഫാം കൈമാറ്റം യാഥാർഥ്യമായതോടെയാണ് തൊഴിലാളി സംഘടനകളെ മുൻ നിർത്തി ഏറ്റവും കാതലായ നാലായിരം ഏക്കർ ഭൂമി ഫാമിംഗ് കോർപറേഷൻ രൂപീകരിച്ച് ഭൂമി കൈമാറിയത്.
ഫാമിൽ നിന്നും ലഭിക്കുന്ന ലാഭം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ രണ്ട് പതിറ്റാണ്ടിനിടെ ശതകോടികൾ ആ ദിവാസി ഫണ്ട് വകമാറ്റി നൽകിയാണ് ഫാമിന്റെ പ്രവർത്തനം ഉപയോഗിച്ചു. ഫാം നടത്തിപ്പിലെ കെടുകാര്യസ്ഥ കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലാണ് ഫാം. ജില്ലയിലെ മൂഴുവൻ ആദിവാസികളെയും സംഘടിപ്പിച്ച് രണ്ടാം ആറളം ഫാം ഭൂ അവകാശ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി ഗോത്ര ജനസഭ പ്രസിഡണ്ട് പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഗോത്ര ജനസഭ നേതാക്കളായ ടി.സി. കുഞ്ഞിരാമൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ ബിന്ദു രാജൻ, ടി.എ. രമണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.