ശ്രുതിയെ തനിച്ചാക്കില്ല, ജെൻസൻ ആഗ്രഹിച്ചത് പോലെ നല്ല ജോലി സമ്മാനിക്കും -മന്ത്രി കെ. രാജൻ
text_fieldsകൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും നഷ്ടമായതിന് പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട് ചൂരൽമല സ്വദേശിനി ശ്രുതിക്ക് അനുയോജ്യമായ ജോലി നൽകുമെന്ന് മന്ത്രി കെ. രാജൻ. ശ്രുതിയുടെ പ്രതിശ്രുത വരൻ ജൻസെൻ കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
'ശ്രുതിക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കണമെന്നായിരുന്നു ജെൻസന്‍റെ ആഗ്രഹം. ജെൻസൻ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും... ശ്രുതി ഒറ്റപ്പെടില്ല. സർക്കാർ എല്ലാ സഹായങ്ങളും നൽകും' -മന്ത്രി പറഞ്ഞു.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ. ചൊവ്വാഴ്ച കൽപറ്റക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് ജെൻസന് ഗുരുതരമായ പരിക്കേറ്റത്. ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ പ്രാർഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് ബുധനാഴ്ച രാത്രിയോടെ ജെൻസന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുൾപൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. പിതാവിന്‍റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.
ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണവും നാലു ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസനും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം. ഇതിനിടെയാണ് വാഹനാപകടം ശ്രുതിയുടെ ജീവിതത്തിൽ വീണ്ടും ഇരുൾ പടർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.