എസ്.എസ്. റാം അവാർഡ് പി. അഭിജിത്തിന്
text_fieldsതിരുവനന്തപുരം: കേരള കൗമുദി ഫോട്ടോ എഡിറ്റർ എസ്.എസ്. റാമിന്റെ സ്മരണാർഥം റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡ് 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്. 10,001 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ഈ മാസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശിവനാണ് എൻട്രികളിൽ നിന്ന് മികച്ച ചിത്രം തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി. രതീഷ് കുമാർ, സെക്രട്ടറി എച്ച്. രാമകൃഷ്ണൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജി. പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
‘മാധ്യമ’ത്തിൽ 2016 ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച ‘മരണമുഖത്തെ മനുഷ്യാവകാശം’ എന്ന ചിത്രത്തിനാണ് അഭിജിത്തിന് പുരസ്കാരം. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സംസ്കരിക്കാൻ വൈകുന്നുവെന്നാരോപിച്ച് അസി. പൊലീസ് കമീഷണർ കുപ്പു ദേവരാജിന്റെ സഹോദരൻ ശ്രീധറിന്റെ ടീ ഷർട്ടിന്റെ കോളറിൽ പിടിക്കുന്നതാണ് ചിത്രം.
കോഴിക്കോട് എൻ.ഐ.ടി ടേക്ക് വൺ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം, തൃശൂരിൽ നടന്ന അന്താരാഷ്ട്ര വിബ്ജിയോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള ഫെലോഷിപ്, സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ്, റാഫിന്റെ സംസ്ഥാന റോഡ് സേഫ്റ്റി മീഡിയ അവാർഡ്, രാജീവ് ഗാന്ധി മെമ്മോറിയൽ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ പി. അഭിജിത്ത് 2008 മുതൽ ‘മാധ്യമ’ത്തിൽ ഫോേട്ടാഗ്രാഫറാണ്. പി. ബാലകൃഷ്ണന്റെയും ലക്ഷ്മി ദേവിയുടെയും മകനാണ്. ഭാര്യ: ശോഭില. മക്കൾ: ഗാഥ, ഗൗതം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.