എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് പ്രൗഢ സമാപനം
text_fieldsകണ്ണൂർ: വിദ്യാർഥികളുടെ വിദ്യാഭ്യാസ, കരിയർ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ച് ഒരാഴ്ചയായി കണ്ണൂരിൽ നടന്ന എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി വിദ്യാർഥി സമ്മേളത്തിന് പ്രൗഢ പരിസമാപ്തി. സമാപനം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു.
വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലവ് ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ ചേർക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രണയിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ലവ് ജിഹാദ് എന്നത് നമ്മുടെ നാട്ടിൽ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാർലമെന്റും തീർപ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും കാന്തപുരം ഉണർത്തി.
വിദ്യാഭ്യാസ കരിയർ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ പഠന, സംവാദ സമ്മേളനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അമ്പതാം വാർഷിക സമാപനത്തിൽ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഉപരിപഠന, തൊഴിൽ മേഖലകളിലേക്ക് ദിശാബോധം നൽകുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയർ വിദഗ്ധർ പങ്കെടുത്ത എജുസൈൻ കരിയർ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളിൽ പഠനങ്ങൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 സമ്മേളനങ്ങൾ നടന്നത്. ‘നമ്മൾ ഇന്ത്യൻ ജനത’ പ്രമേയത്തിൽ ഒരു വർഷം നീണ്ട ഗോൾഡൻ ഫിഫ്റ്റി പരിപാടികൾക്കാണ് സമാപനമായത്.
സമാപനത്തിൽ അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുൽഖാദർ മുസ്‌ലിയാർ, ഇബ്റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹിമാൻ സഖാഫി, ത്വാഹ സഖാഫി, ഡോ. എ.പി. അബ്ദുല്‍ഹകീം അസ്ഹരി, ഡോ. പി.എ. ഫാറൂഖ് നഈമി എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി, ജന. സെക്രട്ടറി കെ. മുഹമ്മദ് എന്നിവര്‍ നയപ്രഖ്യാപനം നടത്തി. ഫസല്‍ കോയമ്മ കുറാ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം ഫൈസി വില്യാപിള്ളി പങ്കെടുത്തു. ഡോ. ടി. അബൂബക്കര്‍ സ്വാഗതവും റഷീദ് നരിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.