എസ്.എസ്.എഫ് സാഹിത്യോത്സവ് സമാപിച്ചു
text_fieldsതിരുവനന്തപുരം: സാഹിത്യസംഗമങ്ങൾ പുതിയ കാലത്തെ കൗമാരങ്ങളെ നേർവഴിക്ക് നടത്തുന്നവയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. എസ്.എസ്.എഫ് സാഹിത്യോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ പരിപാടികളെപ്പോലെതന്നെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണ് വായനാശാലകളെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റിയത് നാം കണ്ടു. വായനശാലകളും അതുപോലെ മാറ്റപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തിൽ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റുക എന്നത് യൂനിയൻ ലിസ്റ്റിലേക്ക് മാറ്റുന്നതിന് സമാനമാണ്. അത്തരമൊരു സാഹചര്യത്തെ ചെറുക്കാൻ ഇതുപോലുള്ള വേദികൾ കൂടുതൽ ഉപകാരപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി വിജയികളെ അനുമോദിച്ചു. എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി അവാർഡ് ദാനം നടത്തി. കേരള സാഹിത്യോത്സവിൽ മലപ്പുറം വെസ്റ്റ്, കോഴിക്കോട്, മലപ്പുറം ഈസ്റ്റ് ജില്ലകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കേരള സാഹിത്യോത്സവ് വിജയികൾ ആന്ധ്രപ്രദേശിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവിന് യോഗ്യത നേടി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ്, സൈഫുദ്ദീൻ ഹാജി, ഇസ്സുദ്ദീൻ കാമിൽ സഖാഫി, അബ്ദുസ്സലാം മുസ്ലിയാർ ദേവർശാല, അബൂബക്കർ പടിക്കൽ, ബശീർ പറവന്നൂർ, സി.പി. ഉബൈദുല്ല സഖാഫി, സിദ്ദീഖ് സഖാഫി നേമം, ഒ.എം.എ. റഷീദ്, സംസ്ഥാന സെക്രട്ടറി ജാബിർ നെരോത്ത്, സനൂജ് വഴിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.