എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ: ഇനി ഗ്രേസ് മാർക്ക് പരമാവധി 30 മാത്രം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഗ്രേസ് മാർക്ക് പരമാവധി 30 ആയി നിജപ്പെടുത്തി സർക്കാർ ഉത്തരവ്. ഹയർ സെക്കൻഡറിയിൽ 240 മാർക്ക്വരെ ഗ്രേസ് മാർക്കായി നൽകിയിരുന്നതാണ് 30ലേക്ക് നിജപ്പെടുത്തിയത്. ഒരിക്കൽ നൽകിയാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഇൻഡക്സ് മാർക്ക് (ബോണസ് മാർക്ക്) നൽകില്ല. വിവിധ ഇനങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിൽ കൂടുതൽ മാർക്ക് ലഭിക്കുന്ന ഇനമായിരിക്കും പരിഗണിക്കുക.
സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്ര/ ഗണിത/ സാമൂഹിക/ പ്രവൃത്തിപരിചയ/ ഐ.ടി മത്സരങ്ങൾക്കും സംസ്ഥാനതല ശാസ്ത്ര സെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശാസ്ത്ര ഇൻെവസ്റ്റിഗേറ്ററി പ്രോജക്ട്, ഗണിതശാസ്ത്ര ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, സാമൂഹിക ശാസ്ത്ര പത്രവായന മത്സരം, സാമൂഹിക ശാസ്ത്ര ടാലൻറ് സെർച്ച് പരീക്ഷ, സ്പെഷൽ സ്കൂൾ കലോത്സവം എന്നിവയിൽ എ ഗ്രേഡ് നേടുന്നവർക്ക് 20 മാർക്കും ബി ഗ്രേസ് നേടുന്നവർക്ക് 15 മാർക്കും സി ഗ്രേഡ് നേടുന്നവർക്ക് പത്ത് മാർക്കുമാണ് അനുവദിക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 20 മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് 17 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 14 മാർക്കുമായിരിക്കും അനുവദിക്കുക. ജൂനിയർ റെഡ്ക്രോസ് -പത്ത്, സ്കൗട്സ് ആൻഡ് ഗൈഡ്സ് (80 ശതമാനം ഹാജർ സഹിതമുള്ള പങ്കാളിത്തം) -18, രാജ്യപുരസ്ക്കാർ/ ചീഫ് മിനിസ്റ്റർ ഷീൽഡ് -20, രാഷ്ട്രപതി അവാർഡ് -25, സ്റ്റുഡൻറ് പൊലീസ് കേഡറ്റ് -20 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക്.
മറ്റ് വ്യവസ്ഥകൾ: വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട്സ് കൗൺസിൽ, കായികവകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്ന അക്വാട്ടിക്സ്, അത്ലറ്റിക്സ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനംവരെ നേടുന്നവർക്ക് ഏഴ് മാർക്ക് വീതം ലഭിക്കും. എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവം/ ശാസ്ത്രോത്സവം എന്നിവയിൽ ലഭിക്കുന്ന ഗ്രേഡ് ഗ്രേസ് മാർക്കിന് പരിഗണിക്കാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല. പകരം റവന്യൂ ജില്ല മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതി.
എട്ടിലും ഒമ്പതിലും പഠിക്കുമ്പോൾ സംസ്ഥാന മെറിറ്റ്/ ദേശീയ മെറിറ്റ്/ പാർട്ടിസിപ്പേഷൻ/ അന്തർദേശീയ മെറിറ്റ്/ പാർട്ടിസിപ്പേഷൻ എന്നീ സർട്ടിഫിക്കറ്റുകൾക്ക് പത്താം ക്ലാസിൽ പരീക്ഷക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും കുറഞ്ഞത് ജില്ല മത്സരത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്പതിലെ സർട്ടിഫിക്കറ്റ് വെച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ പത്തിൽ കുറഞ്ഞത് ജില്ല മത്സരത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിവിധ വിഭാഗങ്ങളുംഗ്രേസ് മാർക്കും
• എൻ.സി.സി (കോർപറൽ/ അതിന് മുകളിലുള്ള റാങ്കുകൾ, എ, ബി, സി സർട്ടിഫിക്കറ്റ്, ദേശീയ സൈനിക ക്യാമ്പിൽ പങ്കെടുത്തവർ, നേവൽ അറ്റാച്ച്മെൻറ് ക്യാമ്പ്, ആർമി അറ്റാച്ച്മെൻറ് ക്യാമ്പ്, പ്രീ റിപ്പബ്ലിക് ഡേ ക്യാമ്പ്, പ്രീ നൗ സൈനിക് ക്യാമ്പ് എന്നിവയിൽ പങ്കെടുത്തവർക്ക്) -25 മാർക്ക്.
• 75 ശതമാനം ഹാജറുള്ള എൻ.സി.സി കേഡറ്റ്- 20 മാർക്ക്.
നാഷനൽ ക്യാമ്പ്/ റിപ്പബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുത്ത എൻ.എസ്.എസ് വളന്റിയർമാർക്ക് 25 മാർക്ക്.
• എൻ.എസ്.എസ് സർട്ടിഫിക്കറ്റുള്ള വളന്റിയർമാർ -20 മാർക്ക്.
• സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്) -15 മാർക്ക്.
• ദക്ഷിണേന്ത്യൻ സയൻസ് ഫെയർ (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്) -22മാർക്ക്.
• ദേശീയ ബാലശാസ്ത്ര കോൺഗ്രസ് (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്) -25 മാർക്ക്.
• ലിറ്റിൽ കൈറ്റ്സ് -15 മാർക്ക്.
• ജവഹർലാൽ നെഹ്റു നാഷനൽ എക്സിബിഷൻ (സയൻസ് ഫെയർ) -25 മാർക്ക്.
• സർഗോത്സവം എ ഗ്രേഡ് -15 മാർക്ക്. ബി ഗ്രേഡ് -10 മാർക്ക്.
• സ്പോർട്സ് അന്തർദേശീയതല പങ്കാളിത്തത്തിന് -30 മാർക്ക്.
• ദേശീയതലത്തിൽ മെഡൽ നേടുന്നവർക്ക് 25 മാർക്ക്.
• സ്പോർട്സ് സംസ്ഥാനതലം ഒന്നാംസ്ഥാനം -20 മാർക്ക്, രണ്ടാം സ്ഥാനം -17, മൂന്നാം സ്ഥാനം -14.
• കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെ ക്വിസ് മത്സരം ഒന്നാം സ്ഥാനം -അഞ്ച് മാർക്ക്, രണ്ടാം സ്ഥാനം -മൂന്ന് മാർക്ക്.
• ബാലശ്രീ അവാർഡ് വിജയികൾക്ക് -15 മാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.