എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ സാമ്പത്തിക പ്രതിസന്ധിയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സ്കൂൾ പൊതുപരീക്ഷകളുടെ നടത്തിപ്പിനും വെല്ലുവിളിയാകുന്നു. കഴിഞ്ഞ വർഷം പരീക്ഷ നടത്തിയ ഇനത്തിൽ 44 കോടി രൂപ കുടിശ്ശികയായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പണം നൽകാത്തതിനാൽ സ്റ്റേഷനറി വകുപ്പിൽനിന്ന് പേപ്പർ ലഭിക്കാതെ ഉത്തരക്കടലാസ് ബുക്ക്ലെറ്റ് അച്ചടിയും മന്ദഗതിയിലായി.
അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളെ ബാധിക്കുമെന്ന് കൊല്ലത്ത് സ്കൂൾ കലോത്സവത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ പരീക്ഷ അവലോകന യോഗത്തിൽ പരീക്ഷ സെക്രട്ടറിമാർ റിപ്പോർട്ട് ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി സംസാരിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന് മന്ത്രി മറുപടി നൽകി.
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പ് ഇനത്തിൽ 12 കോടിയും ഹയർസെക്കൻഡറിക്ക് 21 കോടിയും വി.എച്ച്.എസ്.ഇക്ക് 11 കോടി രൂപയുമാണ് കുടിശ്ശിക. എസ്.എസ്.എൽ.സി കുടിശ്ശികയിൽ ഒമ്പതു കോടി ഐടി പരീക്ഷാനടത്തിപ്പിലെ ചെലവാണ്. ഹയർസെക്കൻഡറിയുടേത് ഉൾപ്പെടെ അവശേഷിക്കുന്ന തുകയിൽ 90 ശതമാനവും അധ്യാപകർക്ക് മൂല്യനിർണയത്തിന് നൽകാനുള്ള പ്രതിഫലവുമാണ്.
പണം ലഭിക്കാതെ വന്നതോടെ ഉത്തരക്കടലാസ് അച്ചടിക്കുള്ള പേപ്പർ സ്റ്റേഷനറി വകുപ്പിന് സമയബന്ധിതമായി വാങ്ങിനൽകാൻ കഴിയുന്നില്ല. ഇതോടെ അച്ചടി മന്ദഗതിയിലായി. ഇതിനകം പൂർത്തിയാകേണ്ട ഉത്തരക്കടലാസ് വിതരണം 41 ഡി.ഇ.ഒകളിൽ 22 എണ്ണത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷക്കായി 28 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 20 കോടിയാണ് നീക്കിവെച്ചത്. ഇതിൽ അനുവദിച്ചതാകട്ടെ, 17 കോടിയും. ഹയർസെക്കൻഡറി പരീക്ഷ മാർച്ച് ഒന്നിനും എസ്.എസ്.എൽ.സി മാർച്ച് നാലിനും തുടങ്ങാനിരിക്കുകയാണ്. പ്രതിസന്ധികണക്കിലെടുത്ത് വൈകാതെ വീണ്ടും മന്ത്രിതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്താനാണ് തീരുമാനം.
പി.ഡി അക്കൗണ്ടിലെ പണം ചെലവഴിക്കാനും അനുമതിയില്ല
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാനടത്തിപ്പിലെ കുടിശ്ശിക തുക കൊടുത്തുതീർക്കാൻ സ്കൂളുകളുടെ പി.ഡി അക്കൗണ്ടിൽനിന്ന് തുക ചെലവഴിക്കാനുള്ള നിർദേശത്തിനും ധനവകുപ്പിന്റെ അനുമതിയില്ല.
12 കോടി രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് തുക ലഭിക്കുമ്പോൾ നൽകാമെന്ന വ്യവസ്ഥയിൽ പി.ഡി അക്കൗണ്ടിൽനിന്ന് ചെലവഴിക്കാൻ സ്കൂളുകൾ അനുമതി തേടിയത്. നിർദേശം വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന്റെ അനുമതിക്ക് അയച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.