എസ്.എസ്.എൽ.സി മിനിമം മാർക്ക്; നടപ്പാക്കുന്നത് 2016ൽ പൂഴ്ത്തിയ ശിപാർശ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കാൻ വിഷയത്തിന് മിനിമം മാർക്ക് വേണമെന്ന ശിപാർശ വിദ്യാഭ്യാസ വകുപ്പ് പൂഴ്ത്തിയത് എട്ടു വർഷം. 2016 ഏപ്രിൽ 26ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകാൻ ചേർന്ന പരീക്ഷാ പാസ്ബോർഡ് യോഗത്തിലാണ് വിഷയത്തിന് മിനിമം മാർക്ക് വേണമെന്ന രീതി തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നതും വിദ്യാഭ്യാസ വകുപ്പിന് ശിപാർശ സമർപ്പിച്ചതും. എട്ടു വർഷങ്ങൾക്കിപ്പുറം ഈ തീരുമാനമാണ് നടപ്പാക്കാൻ തുനിയുന്നത്. അടുത്ത വർഷം മുതൽ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിലും ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടിയവരെ മാത്രം വിജയിപ്പിക്കുന്ന രീതി പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
2016 മേയിൽ ഒന്നാം പിണറായി സർക്കാറാണ് അന്നത്തെ ശിപാർശ പൂഴ്ത്തിയത്. നിലവാരം തിരിച്ചുപിടിക്കാൻ മിനിമം മാർക്ക് രീതി കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതിനെ തുടർന്നായിരുന്നു അന്നത്തെ ശിപാർശ. എന്നാൽ, ഇതു നടപ്പാക്കാതെ വാരിക്കോരി മാർക്ക് നൽകുന്ന സമീപനം വന്നതോടെ നിലവാരം ഇടിഞ്ഞു. കോവിഡിനെ തുടർന്ന് ഫോക്കസ് ഏരിയ സമ്പ്രദായം കൊണ്ടുവന്ന് 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉദാരസമീപനം സ്വീകരിച്ചത് വലിയ വിമർശനങ്ങൾക്കും ഇടയാക്കി. പരീക്ഷ ജയിക്കുന്നവർക്ക് സ്വന്തം പേര് തെറ്റില്ലാതെ എഴുതാൻപോലും അറിയില്ലെന്ന വിമർശനം ഉയർന്നിരുന്നു. ബിരുദം മുതലുള്ള പ്രവേശനം പ്രവേശന പരീക്ഷയിലേക്ക് മാറിയത് കേരളത്തിലെ വിദ്യാർഥികൾക്ക് തിരിച്ചടിയായി.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി തലങ്ങളിലെ ഉദാരസമീപനമാണ് പ്രവേശന പരീക്ഷകളിൽ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ദേശീയ മത്സര പരീക്ഷകളിൽ മുൻനിര റാങ്കുകളിൽ മലയാളി സാന്നിധ്യം കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. ഇതു മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എസ്.സി.ഇ.ആർ.ടി പരീക്ഷാബോർഡുകളുടെ ചോദ്യപേപ്പറുകളും മൂല്യനിർണയ രീതിയും വിലയിരുത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. വിഷയ മിനിമം തിരികെ കൊണ്ടുവരാനുള്ള വിപ്രഖ്യാപനത്തോട് പൊതുസമൂഹത്തിൽനിന്ന് മികച്ച പ്രതികരണമാണുണ്ടായതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് ഒരു വർഷം നീളുന്ന പ്രത്യേക കർമപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിഷ്കാരത്തിന് വെല്ലുവിളി ‘പരിഷത്ത് കടമ്പ’
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിഷയത്തിന് മിനിമം മാർക്ക് രീതി കൊണ്ടുവരാനുള്ള നീക്കത്തിന് ‘പരിഷത്ത് കടമ്പ’. വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് നേതാക്കളിൽ ചിലരാണ് പരിഷ്കാരങ്ങൾക്ക് എതിരാകാറുള്ളത്. പരീക്ഷയുടെ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിനിമം മാർക്ക് പരിഷ്കാരത്തോട് പരിഷത്ത് അനുകൂലികളുടെ നിലപാട് നിർണായകമാകും.
നേരത്തേ സ്കൂളുകളിൽ മലയാളം അക്ഷരമാല പഠിപ്പിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നെങ്കിലും ഇതിനെ പ്രതിരോധിച്ചുള്ള വാദങ്ങൾ നിരത്തിയത് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സമിതികളിൽ അംഗമായ പരിഷത്ത് നേതാവായിരുന്നു. ആശയത്തിൽനിന്ന് അക്ഷരബോധത്തിലേക്ക് വരണമെന്നും അക്ഷരങ്ങൾ മാത്രമായി പഠിപ്പിക്കേണ്ടെന്നുമാണ് ഇവരുടെ വാദം. ഇതാണ് വർഷങ്ങളായി സ്കൂളുകളിൽ നടപ്പാക്കിയത്. എന്നാൽ, കടുത്ത സമ്മർദങ്ങളെ തുടർന്ന് ഒന്നാം ക്ലാസിലെ മലയാള പുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. തുടർന്ന് ഇത് പഠിപ്പിക്കുന്നതിൽ ആശയക്കുഴപ്പം ബാക്കിയായി. ഒടുവിൽ അക്ഷരം പഠിപ്പിക്കണമെന്ന നിലപാടിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.