പരീക്ഷകൾ മാറ്റിവെച്ച തീരുമാനം മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചത് മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കാൻ 24 മണിക്കൂർ വേണ്ടി വരുന്നുവെന്നാണ് ഇതിലുടെ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പരീക്ഷ മാറ്റി വെക്കണമെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി എത്ര പുഛ്ചത്തോടെയാണ് സംസാരിച്ചത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാർഥികളുടെ ഭാവി, ആരോഗ്യം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷവും പരീക്ഷകൾ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടത്.
കുട്ടികളുടെ പ്രയാസവും രക്ഷകർത്താക്കൾ ആവശ്യപ്പെടുന്നതുമൊന്നും ഗൗനിക്കാൻ മുഖ്യമന്ത്രി തയാറായില്ലെന്നും മുഖ്യമന്ത്രിയുടെ വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി വെക്കാൻ തീരുമാനിച്ചത്. ജൂൺ ആദ്യവാരം കേന്ദ്ര മാർഗ നിർദേശം പുറത്തിറങ്ങിയ ശേഷം പരീക്ഷാ തീയതി തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
പരീക്ഷകൾ മെയ് 26 ന് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ഇടപെടലാണ് തീരുമാനം മാറ്റുന്നതിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിവെച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും മെയ് 26 ന് തന്നെ പരീക്ഷ നടക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ പരീക്ഷ നടത്തുന്നതിനെ എതിർത്ത് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ആര്‍ക്കും ആശങ്കയുടെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസവും ആവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.