എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഒരുക്കം പൂർത്തിയായി
text_fieldsതിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ, വ്യാഴാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷകൾക്ക് ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് പരീക്ഷക്കുമായി 8,91,373 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
ചോദ്യപേപ്പറുകൾ ട്രഷറി/ബാങ്കുകളിലെ സുരക്ഷ മുറികളിലേക്കും പരീക്ഷ കേന്ദ്രങ്ങളിലേക്കും മാറ്റിത്തുടങ്ങി. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. െഎ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്ന് മുതൽ പത്ത് വരെയാണ്. റെഗുലർ വിഭാഗത്തിൽ 426999ഉം പ്രൈവറ്റായി 408 പേരും പരീക്ഷയെഴുതും. 2962 പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രങ്ങളിലായി യഥാക്രമം 574ഉം 882ഉം കുട്ടികൾ പരീക്ഷയെഴുതും.
മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ മേയ് മൂന്ന് മുതൽ നടക്കും. ഹയർ സെക്കൻഡറിയിൽ 2005 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 365871ഉം പ്രൈവറ്റായി 207678ഉം ഒാപൺ സ്കൂളിന് കീഴിൽ 45797 പേരും പരീക്ഷയെഴുതും. ഗൾഫിൽ എട്ട് കേന്ദ്രങ്ങളിലായി 474ഉം ലക്ഷദ്വീപിൽ ഒമ്പതിടങ്ങളിലായി 1173 പേരും മാഹിയിൽ 689 പേരും പരീക്ഷയെഴുതും.
വി.എച്ച്.എസ്.ഇയിൽ 389 കേന്ദ്രങ്ങളിൽ റെഗുലർ (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ 30158 പേരും പ്രൈവറ്റായി 198 കുട്ടികളും പരീക്ഷക്കിരിക്കും. ഇവരുടെ പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്‌കിൽ കൗൺസിലും സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത് മേയ് 15നകം തീരുന്ന രീതിയിൽ ക്രമീകരിക്കും.
അംഗീകാരമില്ലാത്ത സ്കൂളുകൾക്കെതിരെ പഠനം നടത്തി നടപടി
തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളെകുറിച്ച് പഠനം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര സ്കൂൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു എന്ന കണക്കും ശേഖരിക്കും. വിദ്യാഭ്യാസ അവകാശനിയമവും കേരള വിദ്യാഭ്യാസ നിയമ/ചട്ടപ്രകാരവും അംഗീകാരമുള്ള സ്കൂളുകൾക്ക് മാത്രമേ പ്രവർത്തിക്കാനാകൂ.
ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങൾ അംഗീകാരമില്ലാതെ വൻ തുക ഫീസും പിരിച്ച് പ്രവർത്തിക്കുന്നുണ്ട്. കെ.ജി പ്രവേശനത്തിന് വൻ തുകയാണ് ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്നത്. ഇത് അനുവദിക്കാനാകില്ല. പല സ്വകാര്യ സ്‌കൂളുകളും ടി.സി തടഞ്ഞുവെക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ടി.സിയില്ലാത്തതിെൻറ പേരിൽ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ല. സ്കൂൾ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുന്ന രീതി സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.