എസ്.എസ്.എല്‍.സി, പ്ലസ്ടു; പരീക്ഷ ജയിക്കാൻ കണ്ണൂർ ജില്ല പഞ്ചായത്തിന്റെ "സ്മൈല്‍ 2024'
text_fieldsകണ്ണൂർ: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളിൽ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും സി പ്ലസ് ഗ്രേഡിന് മുകളില്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ല പഞ്ചായത്ത് 'സ്മൈല്‍ 2024' പദ്ധതി.
പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടേയും യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സ്മൈല്‍ മോഡല്‍ പരീക്ഷകള്‍ ജനുവരി 24ന് ആരംഭിക്കും. അതിന് ശേഷം സീരീസ് ടെസ്റ്റുകളും നടത്തും. ഇതിനാവശ്യമായ ചോദ്യ പേപ്പറുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം പി.ടി.എ യോഗങ്ങള്‍, ഗൃഹസന്ദര്‍ശനം തുടങ്ങിയവ സ്കൂളുകളില്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പി.ടി.എയുടെ നേതൃത്വത്തില്‍ കലണ്ടര്‍ തയാറാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഉന്നത വിജയം നേടാനാവശ്യമായ സ്മൈല്‍ പഠന സഹായികള്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു. പഠനത്തിൽ പിന്നിലായ കുട്ടികള്‍ക്കാവശ്യമായ മൊഡ്യൂളുകളും ഈ വര്‍ഷം തയാറാക്കിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷതവഹിച്ചു. തലശ്ശേരി ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി. പ്രേമരാജന്‍ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു.പി. ശോഭ, അഡ്വ. ടി. സരള, ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.വി. ശ്രീജിനി, എം. രാഘവന്, കെ. താഹിറ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.പി. അംബിക, എസ്.എസ്.കെ ജില്ല പ്രോജക്റ്റ് കോഓഡിനേറ്റര്‍ ഇ.സി. വിനോദ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരായ ടി.വി. അജിത (കണ്ണൂര്‍), ചന്ദ്രിക (തലശ്ശേരി), അനിത (തളിപ്പറമ്പ് ), ഡയറ്റ് ഫാക്കല്‍റ്റി ഡോ. വിനോദ്, ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. ജയേഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൽ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്നൊരുക്ക യോഗങ്ങളുടെ ഭാഗമായി ഹയര്‍സെക്കൻഡറി, വൊക്കേഷനൽ ഹയര്‍സെക്കൻഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം 19ന് രാവിലെ 11ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.