എസ്.എസ്.എൽ.സി സാമൂഹികശാസ്ത്ര പരീക്ഷയുടെ ചോദ്യഘടനയിൽ മാറ്റം
text_fieldsതിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിെൻറ ഘടനയിൽ മാറ്റംവരുത്തി. മാറ്റം സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി വിശദവിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഭാഗങ്ങളിലായി 21 അധ്യായങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകം വിദ്യാർഥികൾക്ക് അമിതഭാരമായതിനാൽ 25 ശതമാനം പാഠഭാഗങ്ങൾ ഒഴിവാക്കി വിദ്യാർഥികൾക്ക് പരീക്ഷ തയാറെടുപ്പിന് അവസരം നൽകാൻ േനരത്തേ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇൗ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ചോദ്യഘടനയിൽ മാറ്റംവരുത്തി എസ്.സി.ഇ.ആർ.ടി വിജ്ഞാപനം ഇറക്കിയത്. അമിത ഉള്ളടക്കഭാരം വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ലഘൂകരണം നൽകാൻ തീരുമാനിച്ചത്.
പുതിയ ഘടന പ്രകാരം സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിൽ എ,ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിരിക്കും ഉണ്ടാവുക. രണ്ടു ഭാഗങ്ങൾക്കും 40 വീതം സ്കോറിനുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും നിർബന്ധമായും ഉത്തരം എഴുതണം. ബി വിഭാഗത്തിലെ ചോദ്യങ്ങളിൽനിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതുന്നതിനുള്ള അവസരം ലഭിക്കും. സാമൂഹികശാസ്ത്രത്തിൽ രണ്ട് പാഠപുസ്തകങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ഇവയിൽനിന്ന് തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 12 അധ്യായങ്ങൾ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ക്ലസ്റ്ററുകളിൽനിന്ന് വിദ്യാർഥിക്ക് ഒന്നുവീതം തെരഞ്ഞെടുത്ത് പൊതുപരീക്ഷക്കായി പഠിക്കാൻ കഴിയും. ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹികശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയമേഖലകളെ ഉൾപ്പെടുത്തിയാണ് ഇത്രയും പാഠഭാഗങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത്രയും വിപുലമായ പാഠഭാഗങ്ങളിൽനിന്ന് 80 സ്കോറിെൻറ പരീക്ഷക്ക് തയാറെടുക്കുക എന്നത് വിദ്യാർഥികൾക്ക് ഏറെ ശ്രമകരമാണെന്നായിരുന്നു ആക്ഷേപം. മാത്രവുമല്ല 21 അധ്യായങ്ങളിൽനിന്ന് 80 സ്കോറിെൻറ ചോദ്യങ്ങൾ തയാറാക്കുമ്പോൾ ഒരു അധ്യായത്തിന് ശരാശരി നാല് സ്കോറിൽ താഴെ മാത്രമാണ് ലഭിക്കുക. ഇൗ സാഹചര്യത്തിലാണ് ആകെയുള്ള പാഠഭാഗത്തിെൻറ 50 ശതമാനത്തിൽനിന്നുള്ള ചോദ്യങ്ങൾക്ക് നിർബന്ധമായും ബാക്കി 50 ശതമാനം ഭാഗത്ത് ചോയ്സ് ചോദ്യങ്ങളും എന്ന നിലയിൽ ക്രമീകരണം.
എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതേണ്ടതാണ്. ബി വിഭാഗത്തിലെ ഓരോ ചോദ്യത്തിനും ചോയ്സ് നൽകിയിരിക്കും. ബി വിഭാഗത്തിൽ ഓരോ ചോദ്യനമ്പരിന് കീഴിലും രണ്ടു ചോദ്യങ്ങൾ നൽകിയിരിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ചോദ്യത്തിന് ഉത്തരം എഴുതാം. പാർട്ട് എയിൽ ഉൾപ്പെടുത്തിയ യൂനിറ്റുകളിൽ മുഴുവൻ തയാറെടുപ്പ് നടത്തിയാൽ മാത്രമാണ് വിദ്യാർഥിക്ക് 50 ശതമാനം സ്കോർ ലഭിക്കുക. എന്നാൽ, പാർട്ട് ബിയിൽ ഉൾപ്പെടുത്തിയ യൂനിറ്റുകളുടെ പകുതി പൊതുപരീക്ഷക്കുവേണ്ടി പഠിച്ചാൽ ശേഷിക്കുന്ന 50 ശതമാനം സ്കോറും നേടാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.