എസ്.എസ്.എൽ.സി നിലവാരം വീണ്ടും ചർച്ചയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെയും എസ്.എസ്.എൽ.സി പരീക്ഷയുടെയും ഗുണനിലവാരം വീണ്ടും സംശയമുനയിൽ നിർത്തി മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. കേരളത്തിൽ 10ാം ക്ലാസ് വിജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനത്തിനും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രിയുടെ പ്രസ്താവന വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കി.
നേരത്തേ എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായി അധ്യാപകർക്കായി നടത്തിയ ശിൽപശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് നടത്തിയ പരാമർശമുണ്ടാക്കിയ അലയൊലികളടങ്ങും മുമ്പാണ് സാംസ്കാരിക വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മന്ത്രി ഇതു ശരിവെക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയത്. ആലപ്പുഴയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ സജി ചെറിയാൻ നടത്തിയ പ്രസ്താവനയെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിതന്നെ രംഗത്തുവന്നു.
അക്ഷരം കൂട്ടിവായിക്കനറിയാത്ത കുട്ടികൾക്കുപോലും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കിട്ടുന്നുവെന്നാണ് പരീക്ഷാ കമീഷണറുടെ ചുമതല കൂടിയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നത്. അന്ന് ഡയറക്ടറുടെ പ്രസ്താവന തള്ളിയ വിദ്യാഭ്യാസ മന്ത്രി അത് സർക്കാർ നിലപാടല്ലെന്നും വ്യക്തമാക്കി. പിന്നാലെ എസ്.എസ്.എൽ.സി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടിയിരിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് ശിപാർശ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാർഥികൾ സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായി മാറുന്നുവെന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ പരാമർശവും ഈയിടെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.