'കളിച്ചും ചിരിച്ചും ഒപ്പമിരുന്നവർ ഇനിയില്ല'; പുതുവത്സരത്തിൽ സങ്കടക്കടലായി സെൻറ് ആൽബർട്സ്
text_fieldsകൊച്ചി: പ്രതീക്ഷകളുടെ പുതുവത്സരദിനത്തിൽ എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ തുറന്നത് കണ്ണീരിന്റെ പാഠപുസ്തകം. തങ്ങളുടെ പ്രിയപ്പെട്ട സഹപാഠികളുടെ മൃതദേഹം കോളജ് അങ്കണത്തിലേക്ക് കൊണ്ടുവന്നപ്പോൾ കൂട്ടുകാർക്ക് സങ്കടമടക്കാനായില്ല. മൂന്നാം വർഷ ബി.വോക് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥി പാലക്കാട് ആലത്തൂർ സ്വദേശി എസ്.ആരോമൽ, ബി.വോക് ഫിഷ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് വിദ്യാർഥിയും തിരുവനന്തപുരം ഉച്ചക്കട സ്വദേശിയുമായ എൻ.എസ്. നരേന്ദ്രനാഥ് എന്നിവരാണ് പുതുവത്സര രാവിൽ എറണാകുളം ഗോശ്രീ പാലത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്കും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ സെൻറ് ആൽബർട്സിൽ എത്തിച്ച മൃതദേഹങ്ങൾ രണ്ടുവരെ പൊതുദർശനത്തിന് വെച്ചു. നൊമ്പരം തളംകെട്ടി നിന്ന കോളജും പരിസരവും സങ്കടത്തിന്റെ ആഴങ്ങളിലേക്ക് വീണു. കളിച്ചും ചിരിച്ചും പഠിച്ചും ഒപ്പമിരുന്ന കൂട്ടുകാർ ഇനി ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തില്ലെന്ന യാഥാർഥ്യം പലർക്കും ഉൾക്കൊള്ളാനായില്ല. വിടവാങ്ങുംനേരം അവരുടെ ചാരത്തെത്തിയ സഹപാഠികൾ സ്നേഹത്തിന്റെ പൂക്കൾ സമർപ്പിച്ചു. പൊട്ടിക്കരഞ്ഞ വിദ്യാർഥികളെ സമാധാനിപ്പിക്കാൻ അധ്യാപകർ പാടുപെട്ടു. അധ്യാപകർക്കും പ്രിയ വിദ്യാർഥികളുടെ വേർപാട് തീരാവേദനയായി. പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളായിരുന്നു ഇരുവരുമെന്ന് അധ്യാപകർ പറഞ്ഞു. എറണാകുളം എം.പി ഹൈബി ഈഡൻ, ടി.ജെ. വിനോദ് എം.എൽ.എ, കോളജ് മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.