സെൻറ് ജോണ്‍സ് ഇംഗ്ലീഷ് പള്ളി ഇനി സംരക്ഷിത സ്മാരകം
text_fieldsകണ്ണൂർ: 200 വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍, വിദേശികളുടെ കല്ലറകള്‍ മാത്രം നിറഞ്ഞ നാലരയേക്കറോളം പരന്നുകിടക്കുന്ന സെമിത്തേരി, ബ്രിട്ടീഷ് പൗരാണികതയുടെയും സംസ്കാരത്തിെൻറയും ചരിത്രമുറങ്ങുന്ന സി.എസ്.ഐ സെൻറ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിക്ക് അങ്ങനെ പ്രത്യേകതകള്‍ ഏറെയാണ്. പുരാവസ്തു വകുപ്പിെൻറ സംരക്ഷിത സ്മാരക പട്ടികയില്‍ ഉള്‍പ്പെടുത്തി ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പള്ളിയുടെ സമര്‍പ്പണവും സംരക്ഷണ വിധേയമാക്കിയ പുരാരേഖകളുടെ കൈമാറ്റവും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
പുരാവസ്തു വകുപ്പിെൻറ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ച 86.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ജില്ല ആശുപത്രിക്ക് സമീപം കേൻറാൺമെൻറ് ഏരിയയില്‍ സ്ഥിതിചെയ്യുന്ന പള്ളിയുടെയും ചരിത്ര രേഖകളുടെയും സംരക്ഷണ പ്രവൃത്തികള്‍ നടത്തിയത്. പള്ളിയെ അതിെൻറ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും ഘടനാപരമായി ബലപ്പെടുത്തുകയുമായിരുന്നു ഉദ്ദേശ്യം.
1805 ലാണ് കണ്ണൂരില്‍ ഉൾപ്പെടെ ഏഴ് സൈനിക ക്യാമ്പുകളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിക്കുന്നത്. 600 പേരെ ഉൾക്കൊള്ളുന്ന ഒരു സാധാരണ പള്ളി നിർമിക്കാനായിരുന്നു അന്ന് മദ്രാസ് റസിഡന്‍സിയിലെ ചാപ്ലിന് നിർദേശിച്ചത്. പള്ളിയുടെ നിർമാണം സംബന്ധിച്ച ചുമതല ചെന്നൈയിലെ സൈനിക എൻജിനീയര്‍മാര്‍ക്കായിരുന്നു. 1811ല്‍ പള്ളിയുടെ നിർമാണം പൂര്‍ത്തിയായി.
നിർമാണത്തിലെ അപൂർവതയും പഴമയുമാണ് ഈ ആംഗ്ലിക്കന്‍ ദേവാലയത്തിെൻറ പ്രത്യേകത. നാലരയേക്കറിലാണ് സെമിത്തേരി. വിദേശികളുടെ കല്ലറകളാണ് അതിൽ നിറയെ. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങള്‍ ഇവിടെ സംസ്കരിച്ചിരിക്കുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അടക്കം ചെയ്തവരുടെ വിവരങ്ങള്‍ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന 'ബ്യുറിയല്സ്' എന്ന പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലറകള്‍ സെമിത്തേരിയില്‍ കാണാം. സാധാരണ ചെയ്യുന്നതുപോലെ കിടത്തി മാത്രമല്ല, ഇരുത്തിയും നിര്‍ത്തിയും വരെ ഇവിടെ മൃതദേഹങ്ങള്‍ സംസ്കരിച്ചിട്ടുണ്ട്.
പദവിയും സ്ഥാനവും കണക്കിലെടുത്ത് പല ആകൃതിയില്‍ നിർമിച്ച കല്ലറകളാണ് ഇവിടെയുള്ളത്. ഇന്നും യൂറോപ്പ്, പോർചുഗീസ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നും തങ്ങളുടെ പൂര്വികന്മാരുടെ കല്ലറകള്തേടി പല വിദേശികളും ഇവിടെ എത്താറുണ്ട്. ബ്രിട്ടീഷ് പൗരാണികതയുടെ ശേഷിപ്പുകളുറങ്ങുന്ന കണ്ണൂരിലെ ഏറ്റവും പഴക്കം ചെന്ന സെമിത്തേരികളില്‍ ഒന്നു കൂടിയാണിത്.
1852ലാണ് പള്ളിയുടെ പുനരുദ്ധാരണം നടന്നത്. ഗ്രീക്ക് -കേരളീയ വാസ്തുശില്പ ശൈലികളുടെ സംയോജനം ഇതിെൻറ നിർമിതിയില്‍ കാണാം. ഇംഗ്ലണ്ടില്‍നിന്നും കൊണ്ടുവന്ന മണി ഉള്‍പ്പെടെ നിരവധി പുരാവസ്തുക്കള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. ചെങ്കല്ലിലാണ് പള്ളിയുടെ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.