പി.എസ്.സി മൂകസാക്ഷി; സർവകലാശാലകളിൽ താൽക്കാലികക്കാരുടെ 'സ്ഥിരപ്പെടുത്തൽ മേള
text_fieldsതിരുവനന്തപുരം: അനധ്യാപക തസ്തികകളിലെ നിയമനം പൂർണമായും പി.എസ്.സിക്ക് വിട്ട സർവകലാശാലകളിൽ താൽക്കാലിക ജീവനക്കാരുടെ 'സ്ഥിരപ്പെടുത്തൽ മേള'. കാലിക്കറ്റ് സർവകലാശാലക്ക് പിന്നാലെ കേരള, കാലടി, കുസാറ്റ് സർവകലാശാലകളിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി തുടങ്ങി.
സർവകലാശാല നിയമനങ്ങൾ പി.എസ്സിക്ക് വിട്ടിരുന്നെങ്കിലും വിശേഷാൽ ചട്ടങ്ങൾ തയാറാക്കാത്തതിനാൽ നിയമന നടപടികൾ ആരംഭിക്കാനായിരുന്നില്ല. എന്നാൽ, മൂന്നുമാസം മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഴുവൻ തസ്തികകളിലേക്കുമുള്ള വിശേഷാൽ ചട്ടം തയാറാക്കി പി.എസ്.സിക്ക് നൽകിയിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ ചായ്വ് നോക്കി താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഇടതു സിൻഡിക്കേറ്റുകൾ കരുക്കൾ നീക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന കാലിക്കറ്റ് സിൻഡിക്കേറ്റ് യോഗം 35 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നു. 10 വർഷം ദിവസ വേതനത്തിനും കരാറടിസ്ഥാനത്തിലും ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്.
വി.സിയുടെ ഡ്രൈവറും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. ഡ്രൈവർ, പമ്പ് ഓപറേറ്റർ, പ്ലംബർ, സെക്യൂരിറ്റി ഗാർഡ്, ഗാർഡ്നർ, റൂം ബോയ്, കമ്പ്യൂട്ടർ പ്രോഗ്രാമർ ഇലക്ട്രീഷ്യൻ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്കാണ് സ്ഥിരനിയമനം. ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളയിൽ 40ഒാളം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഫയൽ സിൻഡിക്കേറ്റിൽ സമർപ്പിക്കാനായി വി.സിയുടെ പരിഗണനയിലാണ്. സംസ്കൃത, കൊച്ചി, കാർഷിക സർവകലാശാലകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാല താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും മറ്റ് സർവകലാശാലകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.