അന്ത്യശ്വാസം വലിച്ച് സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവുകൾ റിപ്പോർട്ടുചെയ്യാൻ സർക്കാർ തയാറാകാത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് റാങ്ക് ലിസ്റ്റ് ‘അത്യാസന്ന നില’യിൽ. 14 ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇതുവരെ നൽകിയത് 16 ശതമാനം നിയമന ശിപാർശകൾ മാത്രം. അതായത് 7123 പേരുള്ള റാങ്ക് ലിസ്റ്റുകളിൽ നിമയന ശിപാർശ ലഭിച്ചത് 1127 പേർക്ക് മാത്രം.
ഇതിൽ 349 പേർ കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ജോലി വേണ്ടെന്ന് എഴുതിക്കൊടുത്തവർക്ക് പകരം കയറിയവരാണ് (എൻ.ജെ.ഡി). ഫലത്തിൽ 778 നിയമന ശിപാർശകളാണ് പുതിയ റാങ്ക് ലിസ്റ്റുകളിൽനിന്ന് നടന്നത്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 3015 പേർക്ക് നിയമനം ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ മരുന്നിനുപോലും നിയമനമില്ലാതായത്. 2019ൽ വിജ്ഞാപനം ചെയ്ത തസ്തികയിൽ വെരിഫിക്കേഷൻ പൂർത്തിയാക്കി നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലായാണ് എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. എന്നാൽ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നിർദേശപ്രകാരം നിയമന ശിപാർശ നൽകാൻ പി.എസ്.സി തയാറായില്ല. തിരുവനന്തപുരം ജില്ലയിൽ 65 ഒഴിവുകൾ ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തെങ്കിലും റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഏഴു മാസം കഴിഞ്ഞാണ് ആദ്യ നിയമന ശിപാർശ നൽകിയത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മൂന്ന് ജില്ലകളിൽ മാത്രമാണ് നിയമന ശിപാർശകളുടെ എണ്ണം 100 കടന്നത്. തിരുവനന്തപുരം-166, എറണാകുളം-159, പാലക്കാട്-130 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലെ റാങ്ക് ലിസ്റ്റുകളാണ് നവംബർ 28ന് ആദ്യം അവസാനിക്കുന്നത്. വയനാട് ജില്ലയിൽ റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടന്നിട്ട് രണ്ടുവർഷം കഴിഞ്ഞു. 347 പേരുള്ള റാങ്ക് ലിസ്റ്റിൽ 2022 ജൂലൈ ഏഴിനായിരുന്നു അവസാന നിയമന ശിപാർശ. ജനുവരി 24ന് റാങ്ക് ലിസ്റ്റ് അവസാനിക്കുമെന്നിരിക്കെ ഇതുവരെ നൽകിയത് ആറു നിയമന ശിപാർശ മാത്രമാണ്. ഇതിൽ രണ്ട് ഒഴിവ് എൻ.ജെ.ഡിയാണ്. മുൻ റാങ്ക് ലിസ്റ്റിൽ 124 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത്. പി.എസ്.സി വഴിയുള്ള സ്ഥിരംനിയമനം വൻ ബാധ്യത സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി ആരോഗ്യ-തദ്ദേശവകുപ്പുകൾ വഴി നടത്തിയ താൽക്കാലിക നിയമനങ്ങളാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായത്. ആരോഗ്യവകുപ്പിന്റെ ആശുപത്രികളിൽ താൽക്കാലികക്കാരെ നിയമിക്കുന്നതിന് മാലാഖക്കൂട്ടം, ദീപങ്ങൾ തുടങ്ങിയ പേരുകളിൽ വിവിധ പദ്ധതികളാണ് തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നത്. ആരോഗ്യ-തദ്ദേശവകുപ്പുകൾ നടത്തുന്ന ഇത്തരം താൽക്കാലിക നിയമനങ്ങളെ തുടർന്ന് പല ആശുപത്രികളിലും പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ഒഴിവുകൾ റിപ്പോട്ട് ചെയ്യാതെ ബൈ ട്രാൻസ്ഫറിനായി പൂഴ്ത്തിവെക്കുന്ന പ്രവണതയും ശക്തമാണ്. ആർദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. എന്നാൽ, ആവശ്യമായ തസ്തികകൾ ഇതിനായി സൃഷ്ടിക്കാത്തതും തിരിച്ചടിയായി.
രോഗി-നഴ്സ് അനുപാതം പുനഃക്രമീകരിക്കണമെന്നും താൽക്കാലിക നിയമനം നടത്താതെ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ മുഖംതിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.