'കുറിപ്പടി'യിലില്ലാത്ത പടിയിറക്കം
text_fieldsതിരുവനന്തപുരം: ജനജീവിതം പിടിച്ചുകെട്ടിയ മഹാമാരിക്കാലത്ത് കേരളത്തിെൻറ പ്രതിരോധമുഖവും ജാഗ്രത ഭാവവുമായിരുെന്നങ്കിലും മന്ത്രി കെ.കെ. ശൈലജക്കിത് 'കുറിപ്പടി'യിലില്ലാത്ത പടിയിറക്കം. റെക്കോഡ് ഭൂരിപക്ഷെമന്ന ജനകീയാംഗീകാരം കൂടി സ്വന്തമാക്കിയാണ് ശൈലജ വീണ്ടും നിയമസഭയിലെത്തിയത്. കോവിഡ് പ്രതിരോധത്തിെൻറ വിജയഗാഥകളും സാമൂഹിക അതിജീവനവുമെല്ലാം ഇടത് മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരുന്നതിനാൽ ശൈലജയുടെ മന്ത്രിസ്ഥാനം െപാതുവിൽ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അവസാന നിമിഷം വരെയുള്ള സസ്പെൻസിനൊടുവിൽ പാർട്ടി തീരുമാനം മറ്റൊന്നായി.
കേരളത്തെ പ്രത്യാശാപൂർവം ലോകം നോക്കിക്കണ്ട സന്ദർഭങ്ങളായിരുന്നു നിപയും കോവിഡും. ജനജീവിതം പിടിച്ചുലച്ച മഹാദുരന്തങ്ങളെ കൈയടക്കത്തോടെ നേരിട്ടാണ് ശൈലജ ശ്രദ്ധിക്കപ്പെടുന്നത്. മെഡിക്കൽ കോളജുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനവും പ്രാഥമികാശുപത്രികളടക്കം താഴേത്തട്ടിലുള്ള ചികിത്സാലയങ്ങളുടെ ശാക്തീകരണവും മുഖ്യ അജണ്ടയാക്കി മുന്നോട്ടുപോകുന്നതിനിടെയാണ് നിപ ഭീതിയിൽ നാടമർന്നത്. പകച്ചുനില്‍ക്കാതെ എങ്ങനെ നിപയെ നേരിടാമെന്ന് തെളിയിച്ച് ജനത്തിന് ആത്മവിശ്വാസം പകരുകയായിരുന്നു മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യസംവിധാനങ്ങൾ. മന്ത്രിപദത്തിലെ ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി തലത്തിലുണ്ടായ അതൃപ്തി നിപ കാലത്തെ പ്രവർത്തനങ്ങളിലൂടെ മറികടന്നു.
ലോകത്തെ തന്നെ നിശബ്ദമാക്കിയ കോവിഡ് കാലത്തും സർക്കാറിെൻറ മുഖമായി ഉയർന്നുനിന്നത് ശൈലജയാണ്. നാട് പരിഭ്രാന്തിയിലായപ്പോൾ ജാഗ്രതപ്പെടുത്തലുമായി മന്ത്രി മുന്നിൽനിന്നു. കോവിഡിെൻറ ആദ്യഘട്ട പ്രവര്‍ത്തനങ്ങളിൽ പ്രതിച്ഛായയിൽ ഏറ്റവും മുന്നിലായി ൈശലജ. സാമൂഹികവ്യാപനത്തിലേക്ക് വഴിമാറിയതോടെയാണ് മുഖ്യമന്ത്രി പ്രതിരോധ ദൗത്യത്തിെൻറ മുൻനിരയിലേക്കെത്തുന്നത്. 'ടീച്ചറമ്മ' എന്ന സാമൂഹിക മാധ്യമങ്ങളിലെ വിളിപ്പേരിൽ വിമർശനം ഉയർന്നപ്പോൾ അങ്ങനെ വിളിക്കരുതെന്ന് പറയണോ എന്നായിരുന്നു മറുചോദ്യം. തുന്നൽ ടീച്ചറെന്ന് വിളിച്ച് പരിഹസിച്ചവരോട് തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ എന്നു തിരികെചോദിച്ചതും കോവിഡ് കാലത്ത് കണ്ടു.
യു.എൻ ആദരവും രാജ്യാന്തര അംഗീകാരങ്ങളും ദുരിതകാലത്തെ സമർഥ നേതൃത്വത്തിന് പൊൻതൂവലുകളുമായി. ആ തിളക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി മന്ത്രി പദത്തിൽനിന്ന് പാർട്ടി അവരെ ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.