ബില്ലുകളിൽ തീരുമാനത്തിന് ഗവർണർക്ക് സമയപരിധി; തമിഴ്നാട് മോഡൽ പ്രമേയം പാസാക്കണമെന്ന് പിണറായിക്ക് സ്റ്റാലിന്റെ കത്ത്
text_fieldsതിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുന്ന ഗവർണറുടെ നിലപാടിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ വിഷയത്തിൽ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
കേരള സർക്കാറും സമാന പ്രശ്നം നേരിടുകയാണെന്നും വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നും സർവ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി കത്തയച്ചു.
കഴിഞ്ഞ 11ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അയച്ച കത്തിനാണ് 17ന് കേരള മുഖ്യമന്ത്രി മറുപടി നൽകിയത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിക്കാൻ തീരുമാനിച്ച് തമിഴ്നാട് പാസാക്കിയ പ്രമേയത്തിന് സമാനമായ പ്രമേയം കേരള നിയമസഭയും പാസാക്കണമെന്ന് സ്റ്റാലിൻ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് സഹിതമാണ് കത്തയച്ചത്. വിഷയത്തിൽ പൂർണ സഹകരണം നൽകാൻ തയാറാണെന്നും പ്രമേയം പാസാക്കണമെന്ന കത്തിലെ നിർദേശം അതി ഗൗരവത്തോടെ പരിഗണിക്കുമെന്നും പിണറായി വിജയൻ മറുപടി കത്തിൽ വ്യക്തമാക്കി.
കേരളത്തിലും നിയമസഭ പാസാക്കിയ ചില ബില്ലുകൾ വർഷത്തിലേറെയായി ഗവർണർ തടഞ്ഞുവെച്ചിട്ടു ണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശിച്ച് ഗവർണർ ആവശ്യപ്പെട്ട വ്യക്തത നൽകുകയും ചെയ്തിട്ടുണ്ട്. നിയമസഭയുടെ നിയമനിർമാണ നടപടികൾ ദീർഘകാലം തടഞ്ഞുവെക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും മറുപടിക്കത്തിൽ പിണറായി അഭിപ്രായപ്പെട്ടു. ‘ഓൺലൈൻ റമ്മി നിരോധിക്കാനുള്ള ബിൽ’ ഉൾപ്പെടെയുള്ളവയാണ് തമിഴ്നാട് ഗവർണർ അംഗീകാരം നൽകാതെ തടഞ്ഞുവെച്ചതെന്ന് സ്റ്റാലിന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.