മാറ്റങ്ങൾ വേണ്ടത് സിനിമക്കുള്ളിൽ; പരാതിയിൽ ഉറച്ചു നിൽക്കുന്നു-വിൻസി അലോഷ്യസ്
text_fieldsകൊച്ചി: മലയാള സിനിമക്കുള്ളിലാണ് മാറ്റങ്ങൾ വേണ്ടതെന്നും പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി വിൻസി അലോഷ്യസ്. നിലവിൽ ‘അമ്മ’ ആഭ്യന്തര സമിതിക്കു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കും.
അന്വേഷണവുമായി സഹകരിക്കും. ആഭ്യന്തര സമിതി യോഗം ചേരുന്നുണ്ട്. അതിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. സമിതിയുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അവർ പറഞ്ഞു. നടൻ ഷൈൻ ടോം ചാക്കോ സൂത്രവാക്യം സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചതായി നടി വിൻസി അലോഷ്യസ് ആഭ്യന്തര സമിതിക്കു പരാതി നൽകിയിരുന്നു.
അതിനിടെ, സിനിമ മേഖലയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊച്ചി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സിനിമ മേഖലയിൽ ലഹരി ഉപയോഗം സംബന്ധിച്ച് ആവശ്യമായ നടപടിയെടുക്കും. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഷൈനിന്റെ മൊഴിയിൽ സിനിമ മേഖലയെ കുറിച്ചുള്ള പരാമർശമില്ലെന്നും അദ്ദേഹം പറഞ്ഞു. മൊഴിയിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി പേർ നിരീക്ഷണത്തിലാണെന്നും കമീഷണർ പറഞ്ഞു.
ബുധനാഴ്ച രാത്രി ഡാൻസാഫ് സംഘത്തിന്‍റെ പരിശോധനക്കിടെ കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ വെള്ളിയാഴ്ച പൊലീസിൽ ഹാജരായിരുന്നു. നടനെ ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.