പറയാനുള്ളതെല്ലാം പറഞ്ഞു, രാജിതീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു -വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിെൻറ പുതിയ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതിനൊത്ത് മുന്നോട്ടുപോയില്ലെന്ന് നേതാവ് വി.എം. സുധീരൻ. എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വം തെറ്റായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിക്കാത്ത ചില നടപടികളും അവരുടെ ഭാഗത്തുനിന്നുണ്ടായി. താന്‍ ഇന്നുവരെ പരസ്യമായി ഒന്നും പറഞ്ഞില്ല. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോഴാണ് പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിട്ടും പ്രതികരണമുണ്ടായില്ല. തെൻറ ആശങ്കകൾ താരിഖ് അന്‍വറുമായി പങ്കുെവച്ചു. ശരിതെറ്റുകള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണം.
തനിക്ക് ഒരു സ്ഥാനവും വേണ്ട. കോണ്‍ഗ്രസ് ദുര്ബലപ്പെടാതിരിക്കാനുള്ള നടപടികൾ ഹൈകമാൻഡിൽനിന്നുണ്ടാകണമെന്നും സുധീരന് പറഞ്ഞു.
ദൗത്യം വഴിമാറിയെങ്കിലും കൂടിക്കാഴ്ചകളുമായി താരിഖ് അൻവർ
തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ആരായുകയായിരുന്നു കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിെൻറ ദൗത്യമെങ്കിലും പുതിയ സംസ്ഥാന നേതൃത്വത്തോടുള്ള മുല്ലപ്പള്ളി രാമചന്ദ്രെൻറ അതൃപ്തിയും വി.എം. സുധീരെൻറ പ്രതിഷേധ രാജിയും ചർച്ചകളെ വഴിതിരിച്ചുവിട്ടു. സംഘടനാപ്രശ്നങ്ങൾ സംബന്ധിച്ച് വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നവർക്കുപുറമെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അങ്കമാലിയിൽ ആയുർേവദ ചികിത്സയിലായതിനാൽ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്താനായില്ല. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി കഴിഞ്ഞ ദിവസങ്ങളിൽ താരിഖ് വിശദമായ കൂടിയാലോചന നടത്തിയിരുന്നു.
തിങ്കളാഴ്ച രാവിലെ മുല്ലപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് കെ.പി.സി.സി ആസ്ഥാനത്ത് എം.എം. ഹസനെ കണ്ടത്. രാഷ്ട്രീയകാര്യസമിതിയിൽനിന്നും എ.ഐ.സി.സിയിൽനിന്നുമുള്ള സുധീരെൻറ രാജിയുടെ സാഹചര്യങ്ങളും ചർച്ചയായി. പാർട്ടിയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ രൂപവത്കരിച്ച രാഷ്ട്രീയകാര്യ സമിതി പുതിയ നേതൃത്വം വന്നശേഷം ഒരു തവണ മാത്രമാണ് ചേർന്നതെന്നും ഇത് എല്ലാവരെയും വിഷമിപ്പിക്കുന്നെന്നും താരിഖിനെ ഹസൻ അറിയിച്ചതായി സൂചനയുണ്ട്. തീരുമാനങ്ങൾ നേതൃതലത്തിൽ പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് അറിയുന്നതെന്നും അതുവരെ എല്ലാവരും ഇരുട്ടിലാണെന്നും അദ്ദേഹം അറിയിച്ചു. വൈകീട്ട് വസതിയിലെത്തി കണ്ടപ്പോൾ സുധീരനും പരിഭവങ്ങൾ തുറന്നുപറഞ്ഞു. ഇതിനുശേഷമാണ് രമേശ് ചെന്നിത്തലയെ വഴുതക്കാട്ടെ വസതിയിലെത്തി താരിഖ് കണ്ടത്. സുധീരൻ ഉയർത്തുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ കാണണമെന്ന് ചെന്നിത്തലയും അറിയിച്ചതായാണ് സൂചന. നേതാക്കളുടെ വികാരം കോൺഗ്രസ് അധ്യക്ഷയെയും രാഹുൽ ഗാന്ധിയെയും ധരിപ്പിക്കാമെന്ന് എല്ലാവരോടും വ്യക്തമാക്കിയാണ് താരിഖ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.