സിനിമയിലും സാഹിത്യത്തിലും താരങ്ങൾ; രാഷ്ട്രീയത്തിലും കയറ്റിറക്കങ്ങൾ
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ മൂന്ന് മണ്ഡലങ്ങൾക്കാണ് താരത്തിളക്കം. മുകേഷും കൃഷ്ണകുമാറും സ്ഥാനാർഥികളായ കൊല്ലവും സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും. രാഷ്ട്രീയത്തിന് പുറത്ത് പ്രശസ്തരായവരുടെ തെരഞ്ഞെടുപ്പ് പോരാട്ടം സംസ്ഥാനത്തിന് പുത്തരിയല്ല. സാഹിത്യത്തിന്റെയും സിനിമയുടെയും മുന്നണികളിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചുനിന്നവർ വോട്ടർമാരുടെ മനസ്സ് പിടിക്കാനിറങ്ങിയ കഥ കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിനും പറയാനുണ്ട്.
സിനിമയും സാഹിത്യവും വേറെ, രാഷ്ട്രീയം വേറെ എന്ന് കൽപ്പിച്ച് വോട്ടർമാർ വിധിയെഴുതിയപ്പോൾ ഇവരിൽ പലർക്കും കാലിടറിയതും ചരിത്രം.
1962ൽ തലശ്ശേരി മണ്ഡലത്തിൽ നടന്ന മത്സരത്തിനാണ് ഇതിൽ അപൂർവതകളും സവിശേഷതകളും ഏറെ. വാക്കുകൾ കൊണ്ട് പ്രസംഗവേദികളിൽ മായാജാലം തീർത്ത സുകുമാർ അഴീക്കോടായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എതിരാളിയാകട്ടെ സഞ്ചാര സാഹിത്യത്തിലൂടെ മലയാളിക്ക് ലോകത്തെ പരിചയപ്പെടുത്തിയ എസ്.കെ. പൊറ്റക്കാടും. 1957ൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച പൊറ്റക്കാട് കോൺഗ്രസിലെ എം.കെ. ജിനചന്ദ്രനോട് 1382 വോട്ടിന് പരാജയപ്പെട്ടിരുന്നു. ആദ്യ വോട്ടുപിടിത്തത്തിന്റെ പരിചയവും പരാജയം സമ്മാനിച്ച വാശിയുമായാണ് രണ്ടാം അങ്കത്തിന് പൊറ്റക്കാട് ഇറങ്ങിയത്. ഫലം വന്നപ്പോൾ 64,950 വോട്ടിന്റെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തിന് പൊറ്റക്കാട് വിജയിച്ചു. ആ തോൽവിയോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രസംഗപീഠം അഴീക്കോട് ഒഴിഞ്ഞു.
കൊച്ചി പ്രജാമണ്ഡലം വഴി രാഷ്ട്രീയത്തിലെത്തി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വരെയായ എഴുത്തുകാരനും നിരൂപകനുമായ ജോസഫ് മുണ്ടശ്ശേരി തെരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരവും പരാജയവും ഒന്നുപോലെ അറിഞ്ഞിട്ടുണ്ട്. 1948ൽ കൊച്ചി രാജ്യത്തെ അർത്തൂക്കരയിൽനിന്നാണ് ആദ്യ വിജയം. എന്നാൽ, 1951ൽ തൃശൂരിൽനിന്ന് സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ച മുണ്ടശ്ശേരി മാഷ് കോൺഗ്രസിലെ ഈയ്യുണ്ണി ചാലക്കയോട് തോറ്റു. 1957ൽ മണലൂരിൽനിന്ന് സി.പി.ഐ സ്ഥാനാർഥിയായി വിജയിച്ചാണ് ഇ.എം.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായത്.
രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ സംവിധായകൻ രാമു കാര്യാട്ട് 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ നിന്ന് ഇടത് സ്വതന്ത്രനായി വിജയിച്ചെങ്കിലും രാഷ്ട്രപതി നിയമസഭ പിരിച്ചുവിട്ടതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല. മാസങ്ങൾക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച കാര്യാട്ട് മൂവായിരത്തിലധികം വോട്ടിന് വീണ്ടും വിജയിച്ചു. എന്നാൽ, 1971ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച കാര്യാട്ടിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1989ലും ‘91ലും ഒറ്റപ്പാലത്ത് കെ.ആർ. നാരായണനെ നേരിടാൻ സി.പി.എം രംഗത്തിറക്കിയത് സംവിധായകൻ ലെനിൻ രാജേന്ദ്രനെ. ആദ്യ തവണ കാൽ ലക്ഷത്തിലധികവും രണ്ടാം തവണ 15000ലധികവും വോട്ടിന് നാരായണൻ വിജയിച്ചു.
1989ൽ എൽ.ഡി.എഫ് സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ച കവിയും ഗാനരചയിതാവുമായ ഒ.എൻ.വി കുറുപ്പ് 50,913 വോട്ടിന് കോൺഗ്രസിലെ എ. ചാൾസിനോട് തോറ്റു.
ലോക് സേവ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച, പിന്നീട് കമല സുരയ്യ ആയി മാറിയ എഴുത്തുകാരി മാധവിക്കുട്ടി 1984ൽ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കിട്ടിയത് 1786 വോട്ട് മാത്രം.
ആലപ്പുഴയിൽ വി.എം. സുധീരന്റെ ഹാട്രിക് വിജയം തടയാൻ ലക്ഷ്യമിട്ടാണ് 1999ൽ നടൻ മുരളിയെ സി.പി.എം മത്സരിപ്പിച്ചത്. 35,094 വോട്ടിന് സുധീരനോട് തോൽക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.
രാഷ്ട്രീയവും ജീവിതവുമെല്ലാം നർമത്തിൽ പൊതിഞ്ഞ നടൻ ഇന്നസെന്റ് 2014ൽ ചാലക്കുടിയിൽ എൽ.ഡി.എഫ് സ്വതന്ത്രനായി വന്ന് കോൺഗ്രസിലെ പി.സി. ചാക്കോയെ 13,884 വോട്ടിന് പരാജയപ്പെടുത്തിയെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 2019ൽ ബെന്നി ബഹനാനോട് 1,32,274 വോട്ടിന് അടിയറവ് പറയേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.