‘എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെ? പിണറായി വ്യാജകലാശാല എന്ന് പേരുമിടാം’; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsവ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ആരോപണമുയരുന്നതിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിന് പകരം എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്നും അതിന് പിണറായി വ്യാജകലാശാല എന്ന് പേരിടാമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിന്റെ പരിഹാസം.
എസ്.എഫ്.ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും കായംകുളം ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് എം.കോം പ്രവേശനം നേടിയതായി കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. ആരോപണത്തെ തുടർന്ന് നിഖിലിനെ എസ്.എഫ്.ഐ രണ്ട് ഭാരവഹിത്വങ്ങളിൽനിന്നും നീക്കിയിരുന്നു. നിഖിലിന്റെ ജൂനിയർ വിദ്യാർഥിനിയായ ജില്ല കമ്മിറ്റി അംഗം നൽകിയ പരാതിയിലാണ് നടപടി. നിഖിൽ 2018-20ൽ ഇവിടെ ബി.കോം വിദ്യാർഥിയായിരുന്നു. 2021ലാണ് ഇതേ കോളജിൽ എം.കോമിന് ചേർന്നത്.
വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയ സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ ഒളിവിലാണ്. 2022ല്‍ കരിന്തളം കോളജില്‍ വ്യാജരേഖ ഹാജരാക്കി നിയമനം നേടിയ കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി നീലേശ്വരം പൊലീസ് കേസെടുത്തതോടെയാണ് ഇവർ ഒളിവിൽ പോയത്.
രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിടിക്കപ്പെടുന്നതിനു പകരം ഈ എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെ?
പിണറായി വ്യാജകലാശാല എന്ന് പേരുമിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.