ക്രിമിനല്‍ കേസില്‍ പ്രതികൾ: 59 പൊലീസുകാരുടെ ‘തൊപ്പി തെറിപ്പിക്കാൻ’ നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കാൻ നടപടി തുടങ്ങി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെ സേനയിൽ െവച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക്. ഇവർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് നിയമോപദേശം തേടും.
സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചെയ്തവരാണ് പട്ടികയിലുള്ളത്. എസ്.ഐവരെ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഏെറയും. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നെന്ന വാർത്തകള്‍ പുറത്തുവന്നപ്പോൾ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് അധ്യക്ഷനും ഇൻറലിജന്‍സ് ഐ.ജി, ആംഡ് പൊലീസ് ബറ്റാലിയന് ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എൻ.ആർ.െഎ സെല്‍ എസ്.പി എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 1129 ഉദ്യോഗസ്ഥർ സംസ്ഥാന പൊലീസില്‍ ഉണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രിലില്‍ വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയത്. 10 ഡിവൈ.എസ്.പിമാരും എട്ട് സി.ഐമാരും എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് പട്ടികയിലുണ്ടായിരുന്നത്. ഏപ്രില്‍ 24ന് ഡി.ജി.പി അന്വേഷണ സമിതിക്ക് രൂപം നല്കി. സമിതിയുടെ പരിശോധനയിൽ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പേരുണ്ടെന്ന് കണ്ടെത്തി. ഇത് വീണ്ടും പരിശോധിച്ചശേഷമാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പേരുടെ അന്തിമപട്ടിക തയാറാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച പട്ടിക ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് കൈമാറി.
ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ഒരാള്‍ ജോലിക്ക് യോഗ്യനല്ലെങ്കിൽ പുറത്താക്കാമെന്നാണ് കേരള പൊലീസ് ആക്ടിലെ 86 (സി) വകുപ്പ് പറയുന്നത്. എന്നാല്‍, നടപടി നേരിടുന്നവര്‍ക്ക് കോടതിയെ സമീപിക്കാം. അതിനാല്‍ എല്ലാ നിയമവശങ്ങളും പരിശോധിച്ചശേഷമാകും നടപടി. അപ്പീൽ ഉൾപ്പെടെ വേഗത്തിലാക്കാൻ പൊലീസ് ആസ്ഥാനത്ത് ക്രമീകരണങ്ങളുണ്ടാക്കി. നിയമോപദേശം ലഭിച്ചാല്‍, പട്ടികയിലുള്ള പൊലീസുകാരില്‍നിന്ന് വിശദീകരണം തേടും. പി.എസ്.സിയുടെ കൂടി അഭിപ്രായം കേട്ട ശേഷമാകും തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.