‘യു.ഡി.എഫിന്‍റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പ്, എൽ.ഡി.എഫ് എട്ട് വര്‍ഷം കൊണ്ട് 6200’; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
text_fieldsതിരുവനന്തപുരം: മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന ഇടത് സർക്കാറിന്‍റെ അവകാശവാദം കള്ളക്കണക്കാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫിസ്. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്നും എൽ.ഡി.എഫ് സർക്കാറിന്‍റെ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് അത് 6200 ആയി ഉയര്‍ന്നതായും മുഖ്യമന്ത്രിയുടെ ഓഫിസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
6200 സ്റ്റാര്‍ട്ടപ്പുകള്‍ വഴി 60,000 തൊഴിലവരസങ്ങള്‍ ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബിൽഡ്സ്പേസ് ആണ് 2016ൽ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇൻക്യുബേഷൻ സ്പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചെന്ന ഇടത് സർക്കാറിന്‍റെ അവകാശവാദം തെറ്റാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. തെറ്റായ കണക്കുകള്‍ നിരത്തി ഏച്ചുകെട്ടിയ കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
കോവിഡ് കാലത്ത് 'കൊച്ചു കേരളം കോവിഡിനെ പിടിച്ചുകെട്ടി' എന്ന ബി.ബി.സി ലേഖനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ഒന്നാം കോവിഡ് മരണ നിരക്ക് മറച്ചുവച്ചുകൊണ്ടു പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ചു കൊണ്ടാണ് ബി.ബി.സിയെ പോലും തെറ്റിദ്ധരിപ്പിച്ചു. പിന്നീട് യാഥാര്‍ഥ്യം പുറത്തുവന്നു. കേരളം കോവിഡ് കാലത്തെ യാഥാർഥ മരണങ്ങള്‍ ഒളിപ്പിച്ചുവെക്കുകയായിരുന്നു. 28000 മരണങ്ങളാണ് ഒളിപ്പിച്ചു വച്ചത്. ഇപ്പോള്‍ കണക്കുകള്‍ പരിശോധിച്ചാല്‍, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായ രണ്ടാമത്തെ സംസ്ഥാനമാണെന്ന് മനസിലാക്കാം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കോവിഡ് ബാധിച്ച രണ്ടാമത്തെ സംസ്ഥാനവും കേരളമാണ്. പിന്നീട് ബി.ബി.സി തന്നെ അത് തിരുത്തി. ഇതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച ഇപ്പോഴത്തെ അവകാശവാദങ്ങളും.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം ഒന്നാമത് എത്തിയെന്നതാണ് സര്‍ക്കാറിന്‍റെ അവകാശവാദം. 2021ല്‍ തന്നെ ഈസ് ഓഫ് ഡൂയിങ് സൂചിക വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലോക ബാങ്ക് നിര്‍ത്തലാക്കി. 3 വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങള്‍ തുടങ്ങി എന്നതാണ് അടുത്ത അവകാശവാദം, അങ്ങനെയെങ്കില്‍ ഒരു നിയോജക മണ്ഡലത്തില്‍ 2000 സംരംഭങ്ങളെങ്കിലും ഉണ്ടാകണം. മൂന്ന് ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും. ഇത് രാജ്യത്തിന്റെ ജി.ഡി.പി.യിലേക്കുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ ജി.ഡി.പി.യിലേക്കുള്ള സംസ്ഥാന വിഹിതം 2022-ലും 2023-ലും 3.8 ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. (Relative Economic Performance of Indian Statse.) തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജി.ഡി.പി വിഹിതം ഏറ്റവും കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളം.
40 ലക്ഷത്തിനു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. അതോടൊപ്പം വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ നടത്തുന്ന മുതല്‍മുടക്കുകള്‍ക്ക് 'ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ്' കിട്ടാനും ജി.എസ്.ടി രജിസ്‌ട്രേഷന്‍ നടത്തും. സര്‍ക്കാര്‍ പറയുന്ന 3 ലക്ഷം സംരംഭങ്ങളില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത 50% സംരംഭങ്ങളുണ്ടെന്ന് കണക്കാക്കിയാല്‍ പോലും കുറഞ്ഞത് 1.5 ലക്ഷം പുതിയ ജി.എസ്.ടി രജിസ്‌ട്രേഷനുകള്‍ എങ്കിലും സംസ്ഥാനത്തു ഉണ്ടാകുമായിരുന്നു. അതും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്‍റെ വെബ്‌സൈറ്റ് പ്രകാരം കേരളത്തില്‍ ഈ കാലയളവില്‍ 30,000 ഓളം പുതിയ ജി.എസ്.ടി രജിസ്‌ട്രേഷന്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ എത്ര എണ്ണം പൂട്ടി എന്ന കണക്ക് ലഭ്യമല്ല.
സംസ്ഥാനത്തിന്‍റെ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഏക ജാലക സംവിധാനമായ കെ സ്വിഫ്റ്റ് പ്രകാരം 01-01-2022 മുതല്‍ 01-02-2025 വരെ വെറും 64,528 എം.എസ്.എം.ഇ കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നിട്ടും ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് മൂന്ന് ലക്ഷം എന്ന കണക്ക് എന്ന് സര്‍ക്കാര്‍ വ്യക്താക്കണം? ഈ കണക്കിന്റെ ആധികാരികത എന്താണ്?
എം.എസ്.എം.ഇയുടെ നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ്. കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ചില്ലറ, മൊത്തവ്യാപാരങ്ങളെ 2021 ജൂലൈയില്‍ എം.എസ്.എം.ഇ എന്ന നിര്‍വചനത്തില്‍പ്പെടുത്തി. കേരള സര്‍ക്കാരിന്റെ 2024 ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ അവകാശപ്പെടുന്ന വര്‍ധനവില്‍ പകുതിയോളം വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ ടേബിള്‍ 4.4.4 (കേരളത്തില്‍ ആരംഭിച്ച എം.എസ്.എം.ഇകള്‍) പ്രകാരം 2021-22 വരെ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വ്യാപാര പ്രവര്‍ത്തനങ്ങള്‍ 2022-23 മുതല്‍ എം.എസ്.എം.ഇകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-23ല്‍ ഇത്തരത്തില്‍ 48,945 ഉം 2023-24ല്‍ 43,869 ഉം ഇത്തരത്തില്‍ ആയിരുന്നു. അതായത് സര്‍ക്കാര്‍ അവകാശപ്പെടുന്ന സംരംഭങ്ങളില്‍ 40 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വചനത്തിലെ മാറ്റം കൊണ്ട് വന്നതാണെന്ന് വ്യക്തം. കാലാകാലങ്ങളായി പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ പോലും ഈ പുതിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് 64,528 സംരംഭങ്ങള്‍ എന്ന കണക്ക് വന്നത് അപ്പോഴും 3 ലക്ഷത്തിന്റെ കാര്യം ആരും പറയുന്നില്ല.
2019 ജൂലൈ 01 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ 01, 2021 മുതല്‍ ഡിസംബര്‍ 31, 2023 വരെ 254% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് 2024 Global Startup Ecosystem റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുക്കുന്നത്. യഥാര്‍ത്ഥത്തില്‍ വളരെ വിചിത്രമായ ഒരു താരതമ്യമാണിത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവുകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 254 ശതമാനമാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലയളവില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 170 കോടി യു.എസ് ഡോളറാണ്. അതേസമയം കര്‍ണാടകത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം 1590 കോടി യു.എസ് ഡോളറും ഡല്‍ഹിയിലേത് 1130 കോടി യു.എസ് ഡോളറും മഹാരാഷ്ട്രയില്‍ 720 കോടി യു.എസ് ഡോളറും തെലങ്കാനയില്‍ 830 കോടി യു.എസ് ഡോളറുമായിരുന്നു. ഇതാണ് സര്‍ക്കാര്‍ പറയുന്ന പറയുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം. ഇതിന് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
കേരളത്തില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തിലാകുന്നവയുടെ എണ്ണം വര്‍ധിക്കുകയാണ് എന്ന് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ നിന്നും വ്യക്തമാണ്. 2021-22 ല്‍ സംസ്ഥാനത്തെ 26 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആയിരുന്നപ്പോള്‍ 2022-23 ല്‍ അത് 30 ഉം 2023 -24 ല്‍ 33 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ ഐ.ടി വികസനത്തില്‍ അഭൂതപൂര്‍വമായ വികസനം നടന്നു എന്നാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 2012-13 ല്‍ ടെക്‌നോപാര്‍ക്കില്‍ 285 കമ്പനികള്‍ ഉണ്ടായിരുന്നത് 2015-16 ല്‍ യു.ഡി.എഫ് കാലത്ത് 390 ആയി ഉയര്‍ന്നു. അതായത് 37% വര്‍ധനവ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇക്കണോമിക് റിവ്യൂ പ്രകാരം 2019-20 ല്‍ ടെക്‌നോപാര്‍ക്കില്‍ 450 കമ്പനികള്‍ ഉണ്ടായിരുന്നത് 2023-24 ല്‍ 490 ആയി ഉയര്‍ന്നു (5 വര്‍ഷം). അതായതു 8 ശതമാനം വര്‍ധനവ്. ഐ.ടി എക്‌സ്‌പോര്‍ട്ട് വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന വാദം അംഗീകരിക്കുന്നു. എന്നാല്‍ അതിന് കാരണം അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു കുറഞ്ഞതാണ്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധി നേരിടുക്കുകയാണ്. കയര്‍, കൈത്തറി, ഖാദി, മണ്‍പാത്ര വ്യവസായം ഉള്‍പ്പെടെയുള്ളവയെല്ലാം സമാനകളില്ലാത്ത പ്രതിസന്ധിയിലാണ്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സഹായിക്കാന്‍ യാതൊന്നും ചെയ്യാത്ത സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായ വളര്‍ച്ച ഉണ്ടായി എന്ന നരേറ്റീവ് ഉണ്ടാക്കുമ്പോള്‍ ഇതായിരുന്നു യാഥാർഥ്യമെന്ന് എല്ലാവര്‍ക്കും ഉണ്ടാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.