സ്റ്റാർട്ടപ് വില്ലേജ് എൻട്രപ്രണർഷിപ്; കോട്ടയം ജില്ലയിൽ ആരംഭിച്ചത് 2160 സംരംഭങ്ങൾ
text_fieldsകോട്ടയം: കുടുംബശ്രീ ഗ്രാമീണമേഖലയിൽ നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി) വഴി ജില്ലയിലെ വൈക്കം, ഏറ്റുമാനൂർ ബ്ലോക്കുകളിൽ ആരംഭിച്ചത് 2160 സംരംഭങ്ങൾ. ടെയ്ലറിങ് മുതൽ ടെക്സ്റ്റൈൽസ് വരെ ഇതിലുണ്ട്. വൈക്കം ബ്ലോക്കിൽ 2005 സംരംഭങ്ങളും ഏറ്റുമാനൂരിൽ ജൂൺ മുതൽ ഡിസംബർ വരെ 155 സംരംഭങ്ങളുമാണ് ആരംഭിച്ചത്. അടുത്തതായി വാഴൂർ ബ്ലോക്കിലാണ് പദ്ധതി നടപ്പാക്കുക.
ഇതിനായി ഡി.പി.ആർ തയാറാകുന്നു. ബ്ലോക്ക് അടിസ്ഥാനത്തിൽ പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരംഭകത്വ വികസന പരിശീലനവും ബാങ്ക് വായ്പയും ലഭ്യമാക്കുന്ന പദ്ധതിയാണിത്. നാലുവർഷമാണ് പദ്ധതി കാലയളവ്. ജില്ലയിൽ വൈക്കം ബ്ലോക്കിലാണ് ആദ്യം നടപ്പാക്കിയത്. 2018 മുതൽ 22 വരെ നാലുവർഷത്തിനിടയിൽ 1813 സംരംഭങ്ങളാണ് ലക്ഷ്യമിട്ടത്.
എന്നാൽ, 2005 എണ്ണം തുടങ്ങാനായി. കോവിഡ് കാലത്ത് നിലച്ചുപോയ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വൈക്കത്തു നടക്കുന്നത്. 2022 ജൂണിലാണ് ഏറ്റുമാനൂർ ബ്ലോക്കിൽ പദ്ധതി തുടങ്ങിയത്. 2400 സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. വൈക്കം ബ്ലോക്കിലേതിന് വ്യത്യസ്തമായി ഇൻഡോർ പ്ലാന്റ് നഴ്സറി, ഡിജിറ്റൽ ഫോട്ടോ ഫ്രെയിമിങ് തുടങ്ങിയ നവീന സംരംഭങ്ങളാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്.
പുരുഷന്മാർക്കും ഭാഗമാകാം
ഓരോ പ്രദേശത്തെയും ലഭ്യമായ വിഭവങ്ങളും പ്രാദേശിക സാധ്യതകളും എന്തൊക്കെയാണെന്ന് മനസ്സിലാക്കി ചെറുകിട സംരംഭങ്ങള്‍ രൂപവത്കരിച്ച് അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനവുമാണ് ലക്ഷ്യം.
കുടുംബശ്രീ അംഗങ്ങൾക്കു മാത്രമല്ല പുരുഷൻമാരടക്കമുള്ള കുടുംബാംഗങ്ങൾക്കും പദ്ധതിയുടെ ഭാഗമാകാം എന്നതും സവിശേഷതയാണ്. വ്യക്തിഗത സംരംഭങ്ങൾക്ക് 50,000 രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുമാണ് നൽകുക. നാലുശതമാനം പലിശനിരക്കിൽ രണ്ടുവർഷം വരെയാണ് തിരിച്ചടവ് കാലാവധി. ബ്ലോക്ക് റിസോഴ്സസ് സെന്ററിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
മൈക്രോ എൻർപ്രൈസസ് കൺസൾട്ടന്റുമാർ ഫീൽഡ് തല സർവേ നടത്തി സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകും. സംരംഭം തുടങ്ങിയാൽ ഒരു വർഷത്തോളം കൃത്യമായ മോണിറ്ററിങ് ഉള്ളതിനാൽ കൊഴിഞ്ഞുപോക്ക് തടയാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.