കോവിഡ് വാക്സിനേഷന് സംസ്ഥാനത്ത് ആക്ഷൻ പ്ലാൻ; ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്ക് നല്‍കും
text_fieldsതിരുവനന്തപുരം: കോവിഡ് വാക്സിനേഷന് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിതരണത്തിന് ആക്ഷന്‍ പ്ലാന്‍ തയാർ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വാക്സിനേഷന് സജ്ജമാക്കിയത്. എറണാകുളം ജില്ലയിലാണ് അധികം കേന്ദ്രങ്ങൾ; 12. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും മറ്റുജില്ലകളില്‍ ഒമ്പതുവീതവും കേന്ദ്രം ഉണ്ടാകും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാ ആരോഗ്യജീവനക്കാെരയും ഉള്‍ക്കൊള്ളിച്ചാണ് വാക്സിൻ വിതരണം.
അലോപ്പതി,-ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ ഇതിൽപെടും. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് അന്തിമ തീരുമാനമായത്. വാക്സിനേഷന് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തയാറാക്കിവരുകയാണ്. ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്ക് വാക്സിന് നല്കുന്ന വിധത്തിലാവും ക്രമീകരണം. ഓരോ കേന്ദ്രത്തിലും വെയിറ്റിങ് ഏരിയ, വാക്സിനേഷന് റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കേന്ദ്രങ്ങള്‍ സജ്ജമാക്കുക.
വാക്സിനേഷനായി ഇതുവരെ 3,58,574 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍മേഖലയിലെ 1,68,685 ഉം സ്വകാര്യ മേഖലയിലെ 1,89,889ഉം പേർ. സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിലാണ് രണ്ട് ഘട്ടമായി ഡ്രൈ റണ്‍ നടന്നത്. ജില്ലകളിൽ കലക്ടര്‍മാര്‍ക്കായിരിക്കും വാക്സിനേഷൻ ചുമതല.
ജില്ലകളില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ കണ്ട്രോള് റൂം തുടങ്ങും. കോള്‍ഡ് സ്റ്റോറേജ് ശൃംഖല പൂര്‍ണസജ്ജമാണ്. കോള്‍ഡ് സ്േറ്റാറേജിന് തകരാറ് സംഭവിച്ചാല്‍ ഉടന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തും. കലക്ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, ആര്.പി.എച്ച് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 300ലധികം ഉദ്യോഗസ്ഥര്‍ ഓണ്‍ലൈൻ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.