സംസ്ഥാന ബജറ്റ് നാളെ
text_fieldsതിരുവനന്തപുരം: ധനപ്രതിസന്ധി രൂക്ഷമായിരിക്കെ വരുമാന വർധനക്ക് കടുത്ത നടപടികൾ പ്രതീക്ഷിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ചരക്ക് സേവന നികുതി ഒഴികെ മറ്റു നികുതി സാധ്യതകളൊക്കെ ധനമന്ത്രി പ്രയോജനപ്പെടുത്തിയേക്കും. ഭൂമിയുടെ ന്യായനില, നികുതി നിരക്കുകൾ, ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ ഫീസുകൾ, പ്രഫഷനൽ ടാക്സ് എന്നിവയിലൊക്കെ കൈവച്ചേക്കുമെന്നാണ് സൂചനകൾ.
ജനങ്ങൾക്ക് താങ്ങാനാകുന്ന നികുതി വർധനയാകും ഉണ്ടാകുകയെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൊല്ലം തെരഞ്ഞെടുപ്പ് ഇല്ലാത്തത് കടുത്ത നടപടികൾക്ക് അനുകൂല സാഹചര്യമായാണ് വിലയിരുത്തുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം വിപണി ഉണർന്ന സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കാൻ ശ്രമത്തിന് ബജറ്റ് ഊന്നൽ നൽകും. കേന്ദ്ര വിഹിതം കുറയുന്നുവെന്ന പരാതി സംസ്ഥാനത്തിനുണ്ട്. കടമെടുപ്പ് പരിധി കൂട്ടൽ, ജി.എസ്.ടി നഷ്ട പരിഹാരം തുടരൽ, ധനകമീഷൻ വിഹിതത്തിലുണ്ടായ നഷ്ടം നികത്തൽ നടപടികൾ എന്നിവ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അതൊന്നും അനുവദിച്ചിട്ടില്ല. വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബിയിൽ പുതിയ പദ്ധതികൾ വൻതോതിൽ പ്രതീക്ഷിക്കുന്നില്ല. വാർഷിക പദ്ധതി വിഹിതം ഉയർത്താത്തതിനാൽ പല വകുപ്പുകൾക്കും പുതിയ പദ്ധതികൾ കുറയും. നിലവിലെ പദ്ധതികൾ പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്.
കേന്ദ്ര ബജറ്റിലെ കാര്യങ്ങൾ ഉൾക്കൊണ്ടാകും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി പ്രതികരിച്ചു. ബജറ്റിന് മുന്നോടിയായി സാമ്പത്തികാവലോകനം വ്യാഴാഴ്ച സർക്കാർ നിയമസഭയിൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.