സംസ്ഥാന ബജറ്റ് നാളെ; പ്രതീക്ഷ കൈവിടാതെ ആലപ്പുഴ ജില്ല
text_fieldsആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ജില്ലക്ക് കാര്യമായി എന്തെങ്കിലും കിട്ടുമോയെന്നതാണ് പ്രധാന ചോദ്യം. ‘ജനപ്രിയ’ നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. എന്നാൽ, സർക്കാറിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടെന്നും വിലയിരുത്തലുണ്ട്. അതിന് കാരണം കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയ പലപദ്ധതികളും ഇനിയും എങ്ങുമെത്തിയിട്ടില്ല. ആവർത്തനങ്ങളായി പ്രഖ്യാപിച്ച പലപദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്.
ജില്ലയിലെ വ്യവസായ സ്ഥാപനങ്ങളെ മറന്നുള്ള ബജറ്റിൽ കെ.എസ്.ഡി.പിക്കും ഓട്ടോകാസ്റ്റിനും ഒന്നും നീക്കിവെച്ചില്ല. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം അടക്കമുള്ള വികസനത്തിനും പണമൊന്നും കിട്ടിയില്ല. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പുറംബണ്ടുകളുടെ നിർമാണത്തിന് 100 കോടിയാണ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയത്. പണം അനുവദിച്ചെങ്കിലും കാര്യമായി ഒന്നുംനടന്നില്ല. പുതിയ ജലയാനങ്ങൾക്ക് 24 കോടി പ്രഖ്യാപനവും കാര്യക്ഷമമായില്ല. ജലഗതാഗതവകുപ്പ് സോളാർ ബോട്ടുകൾ ഇറക്കാൻ ആലോചിച്ചെങ്കിലും നടപടിയുണ്ടായില്ല. നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടും തുടങ്ങാത്ത പദ്ധതികൾ ഏറെയുണ്ട്. ടൂറിസം, കയർ, കാർഷികം, മത്സ്യമേഖലകളിൽ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞതവണ ചാമ്പ്യൻസ് ബോട്ട് ലീഗിന് 10കോടിയാണ് വകയിരുത്തിയത്. എന്നാൽ, ലീഗ് ചാമ്പ്യൻമാർക്കും പങ്കെടുത്തവർക്കും സമയത്ത് സമ്മാനത്തുക ലഭിക്കാത്തതിനാൽ വലിയ സാമ്പത്തിക ബാധ്യതകളുണ്ടായി.
കയർമേഖലയിൽ പ്രതിസന്ധി മറികടക്കാൻ സഹായകരമായ തുക അനുവദിക്കുമെന്ന് കരുതുന്നു. നെല്ലുവില ബജറ്റിൽ റിവോൾവിങ് ഫണ്ടായി ഉൾപ്പെടുത്തണമെന്ന കർഷക ആവശ്യത്തിന് സർക്കാർ ചെവികൊടുക്കുമോയെന്നും ഉറ്റുനോക്കുന്നുണ്ട്.
ഏറെ കാലമായി പറഞ്ഞുകേൾക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബാണ് മറ്റൊന്ന്. ആലപ്പുഴ മെഡിക്കൽകോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിച്ചെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. നൂതന ചികിത്സയടക്കം ഉറപ്പാക്കുന്ന വിവിധ പദ്ധതികളും പ്രതീക്ഷിക്കുന്നുണ്ട്. ട്രോമാകെയർ യൂനിറ്റ്, അത്യാധുനിക ലാബ്, മിനി ആർ.സി.സി., പുതിയ സി.ടി. സ്കാൻ യന്ത്രം, മെച്ചപ്പെട്ട ഫാർമസി സംവിധാനം എന്നിവയാണത്.
കഴിഞ്ഞബജറ്റിലും കുട്ടനാട് പാക്കേജിൽ പ്രഖ്യാപനമുണ്ടായെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ആലപ്പുഴ, കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണവും ഏങ്ങുമെത്തിയിട്ടില്ല. കാവാലം-തട്ടാശേരി പാലം, പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനം, കുട്ടനാട് ശുദ്ധജല പദ്ധതി തുടങ്ങിയ വൻ പ്രഖ്യാപനങ്ങളിൽ ഒന്നും തുടങ്ങാനായിട്ടില്ല. ഹരിപ്പാട് സമഗ്ര ശുദ്ധജല പദ്ധതി ആവർത്തനപദ്ധതിയായി നിലനിൽക്കുകയാണ്.
കിഫ്ബി വഴി തീരദേശത്തിന്റെ കുറേഭാഗത്ത് ടെട്രാപോഡ് ഉപയോഗിച്ച് പുലിമുട്ടും കടൽഭിത്തിയും നിർമിച്ചു. എന്നാൽ ശക്തമായ കടലാക്രമണമുള്ള ഭാഗങ്ങൾ സംരക്ഷിക്കാൻ നടപടിയായില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.