മനമാകെ തില്ലാന; സംസ്ഥാന ബഡ്സ് കലോത്സവം
text_fieldsതലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ നടക്കുന്ന ബഡ്സ് സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്ത മത്സരത്തിൽ തിരുവില്വാമല ക്യാപ്റ്റൻ ലക്ഷ്മി ബഡ്സ് സ്കൂളിലെ കെ. ഐശ്വര്യ വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ സദസ്സിലിരുന്നു മുദ്രകൾ കാണിക്കുന്ന സഹോദരൻ രാജു ഇവരുടെ കളിചിരികൾക്ക് ഏഴഴകാണ്, പരിമിതികളുടെ തടവുകളിൽനിന്നിറിങ്ങി,കലയുടെ വസന്ത തീരത്തേക്ക് സ്പെഷൽ കൂട്ടുകാർ എത്തിയപ്പോൾ അത് മറക്കാനാവാത്ത നിമിഷങ്ങളായി...
തലശ്ശേരി: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനുമപ്പുറം എതിര് ടീമിനുവേണ്ടിയും മനസ്സ് തുറന്ന കരഘോഷങ്ങള്‍. സദസ്സിനെ വിസ്മയിപ്പിച്ച പ്രകടനങ്ങള്‍. പരിമിതികളെ മറന്ന് സർഗാത്മകതയെ സാധ്യതകളാക്കിയുള്ള ആടിത്തിമർക്കൽ. കലയുടെ ഉത്സവമേളത്തില്‍ വേദനകള്‍ മാറിനിന്നു. സകലകലകളുടെ തില്ലാന പാടി തലശ്ശേരി ബ്രണ്ണന്‍ കോളജ് അങ്കണവും. 400ഓളം പ്രതിഭകൾ മാറ്റുരക്കുന്ന അഞ്ചാമത് സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന 24’ ആദ്യദിനം ജനമനസ്സുകൾ കീഴടക്കി. മട്ടന്നൂര്‍ പഴശ്ശിരാജ സ്മാരക ബഡ്സ് സ്കൂളിലെ ബാന്‍ഡ് ട്രൂപ്പിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയായ സൂര്യകാന്തിയിലേക്ക് മന്ത്രി എം.ബി. രാജേഷിനെ സ്വീകരിച്ചത്. കുടുംബശ്രീ മുദ്ര ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.
ആദ്യ ദിനത്തില്‍ നാലു വേദികളിലായി 14 ഇനങ്ങൾ നടന്നു. ഓഡിറ്റോറിയത്തില്‍ ഒരുക്കിയ വേദി ഒന്ന് സൂര്യകാന്തിയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നാടോടിനൃത്തവും ഒപ്പനയും അരങ്ങേറി. രണ്ടാം വേദി ചെമ്പകത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ മിമിക്രി, സീനിയര്‍ ആണ്‍കുട്ടികളുടെ നാടോടി നൃത്തം, പ്രച്ഛന്ന വേഷം എന്നിവയും നടന്നു. ഓപണ്‍ ഓഡിറ്റോറിയത്തിലെ മൂന്നാം വേദിയില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ലളിതഗാനവും നാടന്‍പാട്ടുമാണ് നടന്നത്. പെന്‍സില്‍ ഡ്രോയിങ്, ക്രയോണ്‍, എംബോസ് പെയിന്റിങ് എന്നിവ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റില്‍ ഒരുക്കിയ വേദി നാല് മുല്ലയിലാണ് സംഘടിപ്പിച്ചത്.
ഞായറാഴ്ച വേദി ഒന്നില്‍ രാവിലെ സീനിയര്‍ പെണ്‍കുട്ടികളുടെ നാടോടി നൃത്തവും ഉച്ച മുതല്‍ സംഘനൃത്തവും നടക്കും. വേദി രണ്ടില്‍ രാവിലെ ചെണ്ടയും ഉച്ച മുതല്‍ കീബോര്‍ഡ് മത്സരവുമാണ് നടക്കുക. മത്സരിച്ച എല്ലാവര്ക്കും സമ്മാനം നല്‍കും. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ തയാറാക്കിയ ഉൽപന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള തീം സ്റ്റാളും തില്ലാനയില്‍ ഒരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ അവതരിപ്പിച്ച ‘അമ്മ’ സംഗീതശില്പം, തുടര്‍ന്ന് ഓക്സിലറി ഗ്രൂപ് അംഗമായ സ്നിയ അനീഷ് കുടുംബശ്രീ മുദ്രഗീതത്തിന്റെ നൃത്താവിഷ്കാരം എന്നിവയും വേദിയില്‍ അരങ്ങേറി.
കരുതലൊരുക്കുന്ന ‘അമ്മ’ ശ്രദ്ധനേടി സംഗീതശില്പം
തലശ്ശേരി: അമ്മമാരുടെ സ്നേഹവും കരുതലും ത്യാഗവും അരങ്ങിലെത്തിച്ച് പഴശ്ശിരാജ സ്മാരക ബഡ്സ് സ്കൂള്‍ ജീവനക്കാരുടെ സംഗീത ശിൽപം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടക്കുന്ന സംസ്ഥാന ബഡ്സ് കലോത്സവം ‘തില്ലാന’യുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സംഗീത ശിൽപം ‘അമ്മ’ അരങ്ങിലെത്തിയത്. അമ്മ എന്ന സ്ത്രീ വീട്ടിലും പൊതുസമൂഹത്തിലും അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു സംഗീത ശില്പം. കലോത്സവത്തില്‍ മാറ്റുരക്കാനെത്തിയ കുട്ടികള്‍ക്കും അവരെ ഏറ്റവുമധികം സ്നേഹിക്കുന്ന അമ്മമാര്‍ക്കും എന്താണ് അമ്മ എന്നതിന്റെ ദൃശ്യവിരുന്ന് ഒരുക്കുന്നതായിരുന്നു സംഗീത ശിൽപം.
രവി ഏഴോം, വി.കെ. കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ സംവിധാനവും എം.ഡി. ചന്ദ്രന് രചനയും നിര്‍വഹിച്ചു. സി. രജനി, പി.വി. ശ്രീജിഷ, സി. സജ്ല, പി. സീമ, പി.കെ. ഷീജ, എം.വി. രമ്യ, രേഷ്മ ചന്ദ്രോത്ത്, പി. റീന എന്നിവര്‍ പ്രകടനം കാഴ്ചവെച്ചു. അമ്മമാരും അധ്യാപകരും നിറഞ്ഞുകവിഞ്ഞ സദസ്സ് കൈയടികളോടെയാണ് സംഗീതശില്പത്തെ സ്വീകരിച്ചത്.
അർജുന് കന്നിയങ്കത്തിൽ ഫസ്റ്റ്
തലശ്ശേരി: പരിമിതികൾക്കു മുന്നിൽ പതറാതെ മിമിക്രി മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ ഒന്നാംസ്ഥാനം നേടി അർജുൻ. കുടുംബശ്രീ നടത്തുന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിലാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്നേഹാലയത്തിലെ സി.ആർ. അർജുൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. പ്രത്യേക പരിശീലനം നേടാതെയാണ് കണ്ടും കേട്ടും അർജുൻ വിവിധ ശബ്ദങ്ങൾ പഠിച്ചെടുത്തത്. നാടൻ പാട്ടു സംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട്, വിവിധതരത്തിലുള്ള കോഴികളുടെ ശബ്ദം തുടങ്ങിയവയാണ് അർജുൻ അരങ്ങിലെത്തിച്ചത്.
പുള്ളുവൻപാട്ട് നേരിട്ട് കേട്ടാണ് പഠിച്ചെടുത്തത്. അധ്യാപിക രമ്യ രാജാണ് അർജുന്റെ വിവിധ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ചത്. പത്താംതരത്തിലുള്ളപ്പോഴാണ് അർജുൻ സ്നേഹാലയത്തിൽ എത്തിയത്. ഇപ്പോൾ പ്ലസ് ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായുള്ള തയാറെടുപ്പിലാണ്. കൂടാതെ ബംഗളൂരുവിൽ നിന്ന് കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. വിവിധതരം ഉൽപന്നങ്ങളും അർജുൻ നിർമിക്കും. ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ്ങിനു കൂടി അർജുൻ മത്സരിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ വോയ്സ് ഓഫ് സമന്വയ എന്ന നാടൻപാട്ട് ട്രൂപ്പിലെ കലാകാരൻ കൂടിയാണ് ഈ 17കാരൻ. മാതാപിതാക്കളായ ഉഷദേവിയും രാധാകൃഷ്ണനു എല്ലാ പ്രോത്സാഹനങ്ങളും നൽകി കൂടെയുണ്ട്.
കൗതുകം ഈ വിപണനമേള
തലശ്ശേരി: കലക്കൊപ്പം കരവിരുതിന്റെയും വേദിയാവുകയാണ് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നടക്കുന്ന ‘തില്ലാന’ സംസ്ഥാന ബഡ്സ് കലോത്സവം. ബഡ്സ് വിദ്യാര്‍ഥികള്‍ നിർമിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയാണ് ശ്രദ്ധേയമാകുന്നത്. കുടുംബശ്രീ മിഷന് നടപ്പാക്കുന്ന ബഡ്സ് ഉപജീവന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ നിർമിച്ച നോട്ട്ബുക്ക്, നോട്ട്പാഡ്, പേപ്പര്‍ പേന, ഓഫിസ് ഫയല്‍, ചവിട്ടി, മെഴുകുതിരി, ഡിഷ് വാഷുകള്‍, സോപ്പ്, അച്ചാര്‍, പേപ്പര്‍ ബാഗ്, കുട, തുണി സഞ്ചി, ആഭരണങ്ങള്‍, കരകൗശല ഉല്പന്നങ്ങള് തുടങ്ങിയവയാണ് മേളയിലുള്ളത്.
വയനാട് ജില്ല മുന്നിൽ
തലശ്ശേരി: കുടുംബശ്രീ സംഘടിപ്പിക്കുന്ന ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവത്തിൽ ആദ്യദിനം 14 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 28 പോയന്റുമായി വയനാട് ജില്ല മുന്നിൽ. 26 പോയൻറുമായി തൃശൂർ ജില്ല തൊട്ടുപിന്നിലുണ്ട്. 19 പോയന്റുമായി എറണാകുളം ജില്ലയാണ് മൂന്നാംസ്ഥാനത്തുള്ളത്. കലോത്സവം ഞായറാഴ്ച സമാപിക്കും. വൈകീട്ട് 3.30ന് സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിർവഹിക്കും.
കൂടുതൽ ബഡ്സ് സ്കൂളുകൾ തുടങ്ങും -മന്ത്രി
തലശ്ശേരി: തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യം സര്‍ക്കാറിന്റെ ആലോചനയിലുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളിലായി 11642 കുട്ടികളുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹിക ഉത്തരവാദിത്തമാണ് ബഡ്സ് സ്ഥാപനങ്ങള്‍. കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ, കാലത്തിനനുസൃതമായി നവീകരിച്ച് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.
ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.