ജോസഫ് വിഭാഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും –സ്റ്റിയറിങ് കമ്മിറ്റി
text_fieldsകോട്ടയം: ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമീഷെൻറ അന്തിമവിധിക്കെതിരെ തെറ്റുധാരണ പരത്തുകയാണെന്നും ഇതിനെതിരെ കമീഷന് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി. ഒരുവര്‍ഷം നീണ്ട നിയമനടപടികൾക്കൊടുവിൽ എല്ലാ വശങ്ങളും പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് അന്തിമവിധി പുറപ്പെടുവിച്ചത്.
കമീഷെൻറ ഉത്തരവില്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ. മാണി എം.പിയെ ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ചിഹ്നവും, അംഗീകാരവും സംബന്ധിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമീഷെൻറ വിധി, വിപ്പ് ലംഘനം സംബന്ധിച്ച കാര്യത്തില്‍ ബാധകമാണെന്ന് നിയമസഭ സ്പീക്കര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി.ജെ. ജോസഫും മോൻസ് ജോസഫും നിയമനടപടികൾ നേരിടേണ്ടിവരും.
കുട്ടനാട് ഉപതെരഞ്ഞടുപ്പിന് പാർട്ടി പൂർണസജ്ജമാണ്. മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ടില ചിഹ്നത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാർഥികളാണ് അവിടെ മത്സരിച്ചത്. ജോസഫ് വിഭാഗം നടത്തിയ സ്വയംപ്രഖ്യാപിത സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യു.ഡി.എഫ് നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. കോടതിയലക്ഷ്യത്തിന് ജോസ് കെ.മാണിക്കെതിരെ ജോസഫ് വിഭാഗം നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് യോഗം വിളിച്ചതെന്നും നേതാക്കൾ വിശദീകരിച്ചു.
ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, എൻ. ജയരാജ് എം.എൽ.എ, നേതാക്കളായ ജോസഫ് എം. പുതുശ്ശേരി, സ്റ്റീഫൻ ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.