സംസ്ഥാന കോൺഗ്രസ് പുതിയ ഗ്രൂപ് സമവാക്യങ്ങളിലേക്ക്
text_fieldsതിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പരിഹരിച്ചാലും ഇല്ലെങ്കിലും സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ് സമവാക്യങ്ങളിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് സൂചന. നിലവിലുള്ള രണ്ട് പ്രബല ഗ്രൂപ്പിലും വിള്ളൽ വീഴ്ത്തി പുതിയ ഗ്രൂപ്പുകൾ രൂപപ്പെടുന്നെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ ഐ, എ ഗ്രൂപ്പുകള്‍ എന്ന നിലക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോയതെങ്കില്‍ കെ.സി. വേണുഗോപാലിന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തിൽ ഒരു ഗ്രൂപ്പും രമേശ് ചെന്നിത്തല, കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഗ്രൂപ്പും എന്ന നിലയിലേക്ക് സമീപഭാവിയിൽ പാർട്ടി മാറും.
ഡല്‍ഹിയില്‍ ഇപ്പോഴുള്ള സ്ഥാനം എക്കാലവും ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത വേണുഗോപാല്‍ കേരളത്തില്‍ തന്റേതായ ഗ്രൂപ് രൂപവത്കരിക്കാൻ നീക്കം തുടങ്ങിയിട്ട് കാലമേറെയായി. അതിനായി കെ. സുധാകരനെ ഒപ്പം നിർത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, സുധാകരൻ അതിന് ഒരുക്കമല്ല. ഡി.സി.സി ഭാരവാഹിപട്ടിക അവസാനനിമിഷം ഹൈകമാൻഡ് മരവിപ്പിക്കാനുള്ള യഥാർഥ കാരണം ഇതാണെന്ന് അറിയുന്നു. അതിനായി ചില എം.പിമാരെ കരുവാക്കിയതാണെന്ന സംശയവും ശക്തമാണ്.
പരാതി നല്കിയ നാല് എം.പിമാരില്‍ എ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ബെന്നി ബഹ്നാനുമുണ്ട്. കെ. സുധാകരന്റെ പകരക്കാരനായോ പിൻഗാമിയായോ കെ.പി.സി.സി അധ്യക്ഷപദവി മോഹിക്കുന്നയാളെന്ന നിലയിൽ ബെന്നി ബഹ്നാന്റെ ചുവടുമാറ്റത്തിന് പ്രാധാന്യമുണ്ട്. ഐ പക്ഷത്തുണ്ടായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ സ്വന്തം ചേരിയിലേക്ക് കൊണ്ടുവരാൻ വേണുഗോപാലിന് സാധിച്ചിരുന്നു.
ഹൈകമാൻഡിനോട് പരാതിപ്പെട്ട മറ്റ് മൂന്ന് എം.പിമാരിൽ ടി.എൻ. പ്രതാപൻ, എം.കെ. രാഘവൻ എന്നിവർ ഇടക്കാലത്ത് നിഷ്പക്ഷരായിരുന്നു. ഹൈബി ഈഡൻ ഐ പക്ഷത്തായിരുന്നു. സമീപകാലത്തായി ഇവരെല്ലാം വേണുഗോപാലിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നേതൃമാറ്റത്തോടെ രമേശ് ചെന്നിത്തല നയിച്ച ഐ പക്ഷത്ത് കാര്യമായ ചോർച്ചയുണ്ടായി. ഗ്രൂപ്പിലെ ഭൂരിഭാഗം നേതാക്കളും സതീശനും കെ. സുധാകരനുമൊപ്പം ചേർന്നതോടെ ചെന്നിത്തല ക്ഷീണിതനായി. എന്നാൽ, പുതിയ സംഭവവികാസങ്ങളോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പാർട്ടിയിൽ ആധിപത്യമുണ്ടാക്കാനുള്ള വേണുഗോപാലിന്റെ നീക്കങ്ങളെ ചെറുക്കാൻ ചെന്നിത്തലയും കെ. സുധാകരനും കെ. മുരളീധരനും ഒന്നിച്ചു. എ പക്ഷത്തെ വേണുഗോപാൽ-സതീശൻ വിരുദ്ധ നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ടാകും. ഉമ്മൻ ചാണ്ടിയെകൂടി ഒപ്പം നിർത്തി മുന്നോട്ടുനീങ്ങാനാണ് അവരുടെ നീക്കം.
കെ. സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ല, പ്രശ്നങ്ങൾ പരിഹരിക്കും -വി.ഡി. സതീശൻ
തളിപ്പറമ്പ്: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ഒരഭിപ്രായ വ്യത്യാസവുമില്ല. തളിപ്പറമ്പ് പട്ടുവത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പാണെങ്കിലും സമവായമാണെങ്കിലും ഏതിനും തയാറാണെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് തന്നെയാണ് തനിക്കുമുള്ളത്. എല്ലാ പ്രശ്നങ്ങളും എല്ലാവരുമായി കൂടിയാലോചന നടത്തി ചർച്ച ചെയ്ത് പരിഹരിക്കും.
സി.പി.എമ്മിൽ പിണറായി വിജയൻ പോക്കറ്റിൽ നിന്നും കടലാസെടുത്ത് ഇതാണ് പാർട്ടി തീരുമാനം എന്ന് പറയുന്നതുപോലെ ഏകപക്ഷീയ നിലപാടല്ല കോൺഗ്രസിന്റേത്. എല്ലാവരുടെയും അഭിപ്രായവും എതിർപ്പുകളും ഉൾക്കൊണ്ട് കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.