കടകള്‍ എല്ലാദിവസവും തുറക്കണമെന്ന് ഐ.എം.എ; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക് കുറക്കുകയാണ് വേണ്ടത്. കടകളും ബാങ്കുകളും ഓഫിസുകളും എല്ലാ ദിവസവും തുറക്കണമെന്നും െഎ.എം.എ ആവശ്യപ്പെട്ടു.
ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്ക്കാര് കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐ.എം.എ പറയുന്നു.
ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്കരിക്കണണം. ശക്തമായ ബോധവത്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളും ആണ് ഇനി വേണ്ടത്. കൊവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ വേണമെന്നും ഐ.എം.എ പറയുന്നു.
കോവിഡ് പരിശോധനയുടെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ലെന്നും കോണ്ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ആവശ്യമെന്നുമാണ് ഐ.എം.എ നിര്‍ദേശം. ഹോം ഐസലേഷന്‍ പരാജയമാണെന്നും വീടുകള്‍ ക്ലസ്റ്ററുകള്‍ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ച്, പോസിറ്റീവായവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകളിലെ ക്ലസ്റ്ററുകളും രൂക്ഷ വ്യാപനവും തടയാന്‍ സാധിക്കൂ. പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐ.എം.എ മുന്നറിയിപ്പ് നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.