സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; മികച്ച നടനുള്ള പുരസ്കാരത്തിന് ഇത്തവണയും ശക്തമായ മത്സരം
text_fieldsതിരുവനന്തപുരം: 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വെള്ളിയാഴ്ച് വൈകീട്ട് അഞ്ചിന് പി.ആർ ചേംബറിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ 142 ചലച്ചിത്രങ്ങളിൽ 30ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്.
മികച്ച നടനുള്ള പുരസ്കാരത്തിന് ഇത്തവണയും ശക്തമായ മത്സരമാണുള്ളത്. ജോജിയിലൂടെ ഫഹദ് ഫാസിലും ഹോമിലൂടെ ഇന്ദ്രൻസും സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. വൺ, ദ പ്രീസ്റ്റ് എന്നിവയാണു മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം-2 ആണ് മോഹൻലാൽ ചിത്രം.
ഇവർക്കൊപ്പം മിന്നൽ മുരളിയിലൂടെ ഗുരു സോമസുന്ദരവും ചുരുളി, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജും മ്യാവൂ എന്ന ചിത്രത്തിലൂടെ സൗബിൻ താഹിറും അവസാന പട്ടികയിലുണ്ട്. മുൻ വർഷങ്ങളെപ്പോലെ മികച്ച സിനിമ, സംവിധായകൻ പുരസ്കാരത്തിനായി സമാന്തര സിനിമവിഭാഗവും ശക്തമായ മത്സരമാണ് നടത്തുന്നത്.
ഡോ.ബിജുവിന്‍റെ 'ദ പോർട്രെയ്റ്റ്സ് ', താരാ രാമാനുജന്‍റെ 'നിഷിദ്ധോ', സിദ്ധാർഥ ശിവയുടെ 'ആണ്', മനോജ് കാനയുടെ 'ഖെദ്ദ', ഷെറി ഗോവിന്ദൻ- ടി. ദീപേഷ് ടീമിന്‍റെ 'അവനോവിലോന'എന്നിവ അവസാനഘട്ടത്തിലുണ്ട്. ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങൾ മത്സരിക്കുന്നു. 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി', 'അവൾ','നിറയെ തത്തകൾ ഉള്ള മരം'എന്നിവയാണ് ജയരാജിന്‍റെ സിനിമകൾ. മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള എന്നിവരാണ് മികച്ച നടിമാരുടെ അവസാന പട്ടികയിലുള്ളതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.