ബിന്ദു അമ്മിണിയും മന്ത്രിയും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണം -പ്രയാർ
text_fieldsകോട്ടയം: ബിന്ദു അമ്മിണി മന്ത്രി എ.കെ. ബാലെൻറ ഓഫിസിലെത്തി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ശബരിമല ധർമസംരക്ഷണ സമിതി കൺവീനർ പ്രയാർ ഗോപാലകൃഷ്ണൻ. മന്ത്രിയുടെ ഓഫിസിൽ അവർ ആരെയൊക്കെ കണ്ടു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിലാവശ്യപ്പെട്ടു.
ശബരിമല ആചാരലംഘനത്തിന് തങ്ങൾ എതിരാണെന്ന് പൊതുസമൂഹത്തെയും ഭക്തരെയും ബോധ്യപ്പെടുത്താൻ കപടശ്രമമാണ് സി.പി.എം നടത്തുന്നത്. കേരളത്തിനുപുറത്തുള്ള സി.പി.എം, ആർ.എസ്.എസ് നേതാക്കളുടെ ഒത്താശയോടെയാണ് തൃപ്തി ദേശായിയും കൂട്ടരും കേരളത്തിലെത്തിയതെന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.
പ്രളയം മൂലം തകർന്ന പമ്പയിലും മറ്റും അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ ഒന്നുംചെയ്തിട്ടില്ല. 141.81 കോടി രൂപ ശബരിമല-പമ്പ-നിലക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാനവികസനത്തിന് കിഫ്ബി വഴി വകയിരുത്തിയെന്നുപറഞ്ഞ് കൈയടി നേടിയിട്ട് ഇപ്പോൾ കൈമലർത്തുകയാണ്. ശബരിമല പ്രത്യേക ബോർഡ് എന്ന വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുമുമ്പ് സമവായത്തിലെത്താൻ സർവകക്ഷിയോഗം വിളിക്കണം.
വിശ്വാസസംരക്ഷണം ഉറപ്പുനൽകുന്ന പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ നൽകണം. ആചാരലംഘനത്തിന് തങ്ങൾ എതിരാണെന്ന് കാണിക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾക്കെതിരെ എല്ലാ ജില്ലകളിലും സർവമതസേമ്മളനവും പ്രാർഥനാകൂട്ടായ്മയും നടത്തും. ശബരിമല വിശ്വാസ ആചാരാനുഷ്ഠാനങ്ങളുടെ കാവൽക്കാർ തങ്ങളാണെന്ന സംഘ്പരിവാറിെൻറ അവകാശവാദം കാപട്യമാണെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.